ചാഴൂർ: പുള്ള് കോൾപ്പാടത്ത് നിരോധിത കീടനാശിനി പ്രയോഗം നാട്ടുകാർ തടഞ്ഞു. വിഷയത്തിൽ കൃഷി വകുപ്പ് പാടശേഖര സമിതികൾക്ക് കർശന നിർദേശം നൽകി. പുള്ള് അയ്യപ്പൻ കോളിലും സമീപത്തെ കോൾപ്പാടത്തുമാണ് നിരോധിത കീടനാശിനിയായ ഗ്ലൈഫോസേറ്റിന്റെ ഉപയോഗം കണ്ടെത്തിയത്.
റൗണ്ടപ്പ്, സഫൽ തുടങ്ങി പല പേരിലും ഇവ പാടത്ത് എത്തുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന പാടത്തെ പുല്ല് എളുപ്പത്തിൽ കരിച്ചു കളയാനുള്ള ചെലവു കുറഞ്ഞ മാർഗം ആയതിനാലാണ് പലരും ദൂഷ്യഫലം ഓർക്കാതെ ഈ കീടനാശിനി പ്രയോഗിക്കുന്നത്. ഇതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പുള്ളിലെ പ്രകൃതി സംരക്ഷണ സമിതിയും നാട്ടുകാരും ചേർന്ന് പലയിടങ്ങളിൽ മരുന്നു തളി തടയുകയായിരുന്നു.
മുൻ വർഷങ്ങളിലും ഇത്തരം കീടനാശിനി പ്രയോഗം കൂടുതലായിരുന്നതായി നാട്ടുകാർ പറഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന സമീപത്തെ ചാലുകളിലേക്കാണ് മഴ പെയ്താൽ ഈ വിഷാംശം ഒഴികിയെത്തുക. തുടർന്ന് സമീപത്തെ കുടിവെള്ള ഗ്രോതസുകളിലേക്കും വിഷാംശം എത്തും. ദിവസങ്ങൾക്ക് മുൻപ് ഇവിടെ ലക്ഷക്കണക്കിന് മീൻ കുഞ്ഞുങ്ങളെ ചാലിനോട് ചേർന്ന് കൃഷിയിറക്കിയിട്ടുണ്ട്. ഇവയ്ക്കും ഈ മരുന്ന് പ്രയോഗം ഭീഷണിയായതായി പുള്ള് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് വിനയൻ പറഞ്ഞു.
പുള്ള് പ്രദേശത്താകെ അമ്പതോളം കാൻസർ രോഗികളുണ്ട്. ഇത്തരം വിഷ പ്രയോഗങ്ങളിൽ ബന്ധപ്പെട്ടവർ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാടശേഖര സമിതികളോടും സൊസൈറ്റികളോടും അടിയന്തിര ജാഗ്രത നിർദേശം നൽകിയതായി ചാഴൂർ കൃഷി ഓഫീസർ മിനി ജോസഫ് പറഞ്ഞു.
ആശങ്കയിൽ
നിരോധിത കീടനാശിനി പ്രയോഗം പുള്ള് അയ്യപ്പൻ കോളിലും സമീപത്തെ കോൾപ്പാടത്തും
ഗ്ലൈഫോസേറ്റിന്റെ പ്രയോഗം റൗണ്ടപ്പ്, സഫൽ തുടങ്ങി പല പേരുകളിൽ
കീടനാശിനി പ്രയോഗിക്കുന്നത് കൊയ്തൊഴിഞ്ഞ പാടത്തെ പുല്ല് കരിച്ചു കളയാൻ
കീടനാശിനിയുടെ വിഷാംശം പാടത്ത് നിന്നും ജലസ്രോതസുകളിൽ കലരുമെന്ന് ആശങ്ക