ചാലക്കുടി: മാടിവിളിച്ചാൽ ഓടിയെത്തും,കൊടുക്കുന്നതെന്തും ഭക്ഷിക്കും. പിന്നെ തൊട്ടുതലോടാൻ നിന്നുതരും. ഒരു മ്ലാവിന്റെ ചേഷ്ടകളാണിത്. അതും കാടിനോരത്ത്. പൊരിങ്ങൽക്കുത്ത് വൈദ്യുതി നിലയത്തിന് താഴെ പുളിയിലപ്പാറയിലാണ് ഇതിനകം ഊക്കനൊരു ആൺ മ്ലാവ് ജനപ്രിയനായി മാറിയത്.
വിനോദ സഞ്ചാരികൾ ഇവനുമായി ഏറെനേരം ചെലവഴിക്കുന്നു. കഴിഞ്ഞ മഹാ പ്രളയത്തിന് ശേഷമാണ് ഇവന്റെ ആഗമനം. ഇടയ്‌ക്കൊക്കെ പ്രത്യക്ഷപ്പെടുന്നവയുടെ കൂട്ടത്തിലാണ് ആദ്യം നാട്ടുകാർ ഇതിനെയും കണക്കാക്കിയത്. എന്നാൽ ദേഹത്ത് പരുക്കുകളൊന്നുമില്ലാത്ത മ്ലാവ് പരിസരത്ത് തന്നെ ചുറ്റിതിരിഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിലും ഇവൻ ഇതുതന്നെ ആവർത്തിച്ചു. പിന്നെ ആളുകൾ ആഹാരം വച്ചു നീട്ടിയപ്പോൾ ആർത്തിയോടെ രുചിച്ചു. ഇതു സ്ഥിരമായപ്പോഴാണ് തൊടാനും മറ്റും ഭക്ഷ്യദാതാക്കൾക്ക് ധൈര്യമുണ്ടായത്.
പഴംപൊരിയാണ് ഇഷ്ടഭക്ഷണം, ചിപ്‌സ്, പഴം, ബിസ്കറ്റ് എന്നിവയും ഈ വന്യജീവിയുടെ മെനുവിൽപ്പെട്ടു. പിന്നീട് പൊറോട്ടയും തിന്നാൻ തുടങ്ങി. ഇപ്പോൾ തൊടാൻ മാത്രമല്ല, അൽപ്പം അകന്നു നിന്നാണെങ്കിലും മ്ലാവിനോടൊപ്പം സെൽഫിയെടുക്കലും വിനോദ സഞ്ചാരികളുടെ വേറിട്ട ആനന്ദമായി മാറി. രാത്രിയിലെ ഇവന്റെ തല ചായ്ക്കലും വഴിയോരത്തു തന്നെ. പട്ടത്തു രാജൻ, മണികണ്ഠൻ എന്നിവരുടെ ഹോട്ടലുകൾക്ക് തെല്ലകലെയായിരിക്കും അന്തിയുറക്കം. ചിലപ്പോൾ വൈദ്യുതി ബോർഡിന്റെ സെക്യൂറിറ്റി മുറിക്കരികിലും.
എവിടെയായാലും കിഴക്ക് വെള്ള കീറിയാൽ ഇവൻ കവലയിലെത്തും ജനങ്ങളുടെ ഇഷ്ടതോഴനായി. ഈ പ്രദേശത്ത് മ്ലാവിന്റെ സാമിപ്യം ജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും ദിനചര്യയുടെ ഭാഗമായെന്ന് പരിസരവാസി കെ.എസ്. സുനിൽ പറയുന്നു.