fruits

ചാലക്കുടി: ആദ്യം പനനൊങ്ക്, പിന്നെ മാമ്പഴം, തുടർന്ന് മുള്ളമ്പഴവും. ഇപ്പോൾ ഇതാ ഞാവൽപ്പഴവുമെത്തി. അങ്ങനെ തുടരുകയാണ് വേനൽക്കാല പഴക്കച്ചവടങ്ങൾ. ഏതാനും ദിവസമായി ഞാവൽപ്പഴ കച്ചവടക്കാരാണ് വഴിയോരങ്ങൾ കൈയടക്കുന്നത്. അഴകും രുചിയുമാർന്ന ഞാവൽപ്പഴത്തിന് ഇക്കുറി ആവശ്യക്കാർ കൂടുതൽ ഉണ്ടെന്ന് വിൽപ്പനക്കാർ പറയുന്നു. കിലോയ്ക്ക് മുന്നൂറു രൂപയാണ് വില. എങ്കിലും മിക്ക വഴിയോര കച്ചവടക്കാരും ശരാശരി പത്തു കിലോ വിൽക്കുന്നുണ്ട്.

കോയമ്പത്തൂർ, പഴനി എന്നിവടങ്ങളിൽ നിന്നാണ് ചില്ലറ വിൽപ്പനക്കായി എത്തുന്നത്. ഇപ്പോൾ നാലിടങ്ങളിലാണ് കച്ചവടക്കാരുള്ളത്. നാട്ടിൻപുറത്ത് ധാരാളം ഞാവൽ മരങ്ങൾ പൂക്കുന്നുണ്ട്. ആയിരക്കണക്കിന് ഞാവൽപ്പഴങ്ങളുമുണ്ടാകുന്നു. എന്നാൽ ഇതിന്റെയെല്ലാം ഉപഭോക്താക്കളാകുന്നത് പക്ഷികളും ചെറിയ ജീവികളും. കഴിഞ്ഞ വർഷം നിപ്പ ഭീതിയിൽക്കുരുങ്ങി ഞാവൽപ്പഴത്തെ ജനങ്ങൾ അകറ്റി നിറുത്തി. വവ്വാലുകളുടെ ഇഷ്ട ഭക്ഷണമെന്ന പേരിലായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ അതെല്ലാം മാറി. ഇത്തരം പഴങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ധാരാളം പേരുണ്ട്. കോയമ്പത്തൂരിൽ നിന്നും എത്തുന്നതാണ് മികച്ച ഞാവൽപ്പഴമെന്ന് വിൽപ്പനക്കാരൻ മുകേഷ് പറയുന്നു.