കൊടുങ്ങല്ലൂർ: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണത്തിന്റെ കാലം അനിവാര്യമായിരിക്കുന്നുവെന്ന് സി.പി.ഐ തിരിച്ചറിയുന്നുണ്ടെന്ന് കാനം രാജേന്ദ്രൻ. സി.പി.ഐ കൊടുങ്ങല്ലൂർ- കയ്പമംഗലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻമന്ത്രി വി.കെ. രാജന്റെ 22​-ാം ചരമ വാർഷിക ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം എന്നത് ഉടൻ നടക്കുമെന്നൊന്നും കരുതുന്നില്ല. എന്നാൽ യോജിച്ച പോരാട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇടതുപാർട്ടികൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി സമ്മാനിച്ച 17-ാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കണമെന്ന് കാനം പറഞ്ഞു.

23 പാർട്ടികൾ യോജിക്കുന്നിടം വരെ കാര്യങ്ങളെത്തിയെങ്കിലും സീറ്റ് വിഭജനം വന്നപ്പോൾ പ്രതിപക്ഷത്തെ ഐക്യം തകർന്നത് എൻ.ഡി.എ മുതലാക്കി. കേവലം 39 ശതമാനം വോട്ട് മാത്രം നേടിക്കൊണ്ടാണ് അവർ വീണ്ടും അധികാരത്തിലെത്തിയത്. ചെറുതും വലുതുമായ 44 പാർട്ടികളുടെ ഐക്യത്തിലൂടെയാണവർ ഇത് സാദ്ധ്യമാക്കിയത്. ഭരണനേട്ടം ഒന്നും പറയാനില്ലാതിരുന്നിട്ടും കപട ദേശീയതയുടെയും മറ്റും പുതിയ മുഖം കൊണ്ടുവന്ന് അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റി, സങ്കൽപ്പിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിധിയെഴുത്ത് നടക്കുന്ന സാഹചര്യമുണ്ടാക്കുകയായിരുന്നു.

പ്രതിപക്ഷത്തെ അനൈക്യമാണ് ഇതിന് അവർക്ക് സഹായമായതെന്നും കാനം പറഞ്ഞു.

പുത്തൻ സാമ്പത്തിക നയത്തോടുള്ള ശക്തമായ എതിർപ്പുയർത്തുന്നതിന്റെ പേരിൽ ഇടത് പാർട്ടികളെ പാർശ്വത്കരിക്കുക എന്നത് കോർപറേറ്റ് ശക്തികളുടെ അജണ്ടയാണെന്ന് തിരിച്ചറിയണമെന്നും കാനം തുടർന്ന് പറഞ്ഞു. വി.കെ. രാജന്റെ സ്മരണയ്ക്കായി, ജില്ലയിലെ ഏറ്റവും നല്ല പൊതുപ്രവർത്തകന് സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള വി.കെ. രാജൻ പുരസ്‌കാരം അദ്ദേഹം സി.കെ. കുമാരന് സമർപ്പിച്ചു. സി.എൻ. ജയദേവൻ മുഖ്യ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ പി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.ജി. ശിവാനന്ദൻ, അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, യു.എസ്. ശശി, സി.സി. വിപിൻചന്ദ്രൻ, കെ.എസ്. ജയ, ടി.പി. രഘുനാഥ് എന്നിവർ സംസാരിച്ചു. പി.പി. സുഭാഷ് സ്വാഗതവും കെ.വി. വസന്ത് കുമാർ നന്ദിയും പറഞ്ഞു. രാവിലെ രാജൻ സ്മൃതിമണ്ഡപത്തിലും വിവിധ ഇടങ്ങളിലും പുഷ്പാർച്ചനയും വൈകീട്ട് നഗരത്തിൽ ശക്തിപ്രകടനവും നടന്നു.