മാള: കാലിത്തീറ്റയ്ക്ക് ക്രമാതീതമായി വിലയേറിയപ്പോൾ പോഷക സമ്പുഷ്ടമായ സൈലേജിന് പ്രിയമേറെ. കാലിത്തീറ്റയേക്കാൾ വിലക്കുറവും പോഷകസമൃദ്ധവുമാണ് സൈലേജ് എന്നാണ് ക്ഷീരകർഷകരുടെ പക്ഷം. 50 കിലോ വരുന്ന കാലിത്തീറ്റ ചാക്കിന് 130 രൂപയോളമാണ് ആറുമാസത്തിനിടെ വില ഉയർന്നത്. കൂടാതെ സൈലേജ് നൽകുമ്പോൾ പാലിൽ പത്തുശതമാനം വർദ്ധനവും കൊഴുപ്പിൽ ഉയർന്ന നിലവാരവും കാണിക്കുന്നുണ്ടത്രെ.
കറവയുള്ള പശുവിന് ഏകദേശം എട്ടുകിലോ കാലിത്തീറ്റ നിത്യേന വേണ്ടിവരുമ്പോൾ ആറ് കിലോഗ്രാം മാത്രം സൈലേജ് മതിയാകുമെന്നാണ് കർഷകരുടെ കണക്ക്. ഒരു കിലോ സൈലേജിന് എട്ടുരൂപ മാത്രം ചെലവ് വരുമ്പോൾ ഒരു കിലോ കാലിത്തീറ്റയ്ക്ക് 24 രൂപയോളം ചെലവ് വരും.
പശുക്കളുടെ ആരോഗ്യത്തിനും തീറ്റ കൂടുതൽ ഉപകാരപ്രദമാണെന്ന പ്രത്യേകതയുമുണ്ട്. വായു രഹിതമായി കെട്ടിവയ്ക്കുന്ന സൈലേജ് തീറ്റ പൊട്ടിച്ചാൽ ഒരു ദിവസത്തിനകം ഉപയോഗിക്കണം. എന്നാൽ പായ്ക്കറ്റ് പൊട്ടിക്കാതിരുന്നാൽ മാസങ്ങളോളം കേട് കൂടാതെ സൂക്ഷിക്കാനാകും.
സ്വന്തമായി സൈലേജ് തീറ്റ നിർമ്മിച്ച് വിപണനം നടത്തുന്ന ക്ഷീര കർഷകരും സംസ്ഥാനത്ത് ചെറു സംരംഭങ്ങൾ നടത്തുന്നുണ്ട്. ചെറുകിട കർഷകർക്ക് സ്വന്തമായി സൈലേജ് നിർമ്മിക്കുന്നത് പ്രായോഗികമാകില്ല. എന്നാൽ ഈ തീറ്റ വാങ്ങി പശുക്കൾക്ക് നൽകുന്ന ചെറുകിട ക്ഷീര കർഷകർ വർദ്ധിച്ചിട്ടുണ്ട്. പശുക്കൾക്ക് ദോഷകരമായ യാതൊന്നും സൈലേജിൽ ഇല്ലെന്നതാണ് ആകർഷകം.
കമ്പനികൾ കാലിത്തീറ്റയ്ക്ക് മത്സരിച്ച് വില വർദ്ധിപ്പിക്കുമ്പോൾ കർഷകർക്ക് അഭയമാകുകയാണ് സൈലേജ് പോലുള്ള തീറ്റകൾ.
താരതമ്യം
കറവപ്പശുവിന് ഒരു ദിവസം
കാലിത്തീറ്റയാണെങ്കിൽ വേണ്ടത് - 7 കിലോഗ്രാം - 168 രൂപ
സൈലേജ് തീറ്റയാണെങ്കിൽ വേണ്ടത് - 8 കിലോഗ്രാം - 64 രൂപ
തീറ്റയിനത്തിൽ മൊത്തം ലാഭം - 100 രൂപയിലേറെ
സൈലേജ് നിർമ്മിക്കുന്നത്
ചോളം ചെടി അടക്കം ചെറുതാക്കി അരിഞ്ഞ് അതിലേക്ക് ശർക്കര ലായനിയും ഉപ്പും പശു അമൃതും തളിച്ച് പ്ലാസ്റ്റിക് ചാക്കുകളിലാക്കും. വായു ഒഴിവാക്കി ചാക്കിൽ മർദ്ദം നൽകി നിറയ്ക്കുന്ന സൈലേജ് ഒമ്പത് ദിവസം കഴിഞ്ഞാൽ ഉപയോഗിക്കാം
- സി.എൻ.ദിൽകുമാർ, സമഗ്ര ക്ഷീര കർഷക സംഘം സംസ്ഥാന പ്രസിഡന്റ്