townhall
നിർമ്മാണം പൂർത്തിയാകുന്ന ചാലക്കുടി ടൗൺഹാൾ

ചാലക്കുടി: നഗരസഭയുടെ ടൗൺഹാൾ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നു. സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റിംഗ് ആണ് നടക്കുന്നത്. ഇലക്ട്രിക്കൽ, സീലിംഗ്, പെയിന്റിംഗ് എന്നിവയും അനുബന്ധ ഇനങ്ങളുമാണ് ഇനി നടക്കാനുള്ളത്. മൂന്നു കോടി രൂപയോളം ചെലവു വരുന്ന ഇവ സമയ ബന്ധിതമായി പൂർത്തിയാക്കി നാലുമാസത്തിനകം ടൗൺഹാൾ തുറന്നു കൊടുക്കാമെന്നാണ് ഭരണ സമിതിയുടെ പ്രതീക്ഷ.

മുൻ ഭരണ സമിതി നടത്തിയ പ്രവർത്തനങ്ങളിൽ ബാധ്യതയുള്ള അറുപതു ലക്ഷം രൂപയടക്കം മൂന്നര കോടി രൂപ ഈ ഭരണസമിതി കെട്ടിട നിർമ്മാണത്തിന് ഇതിനകം ചെലവഴിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലക്കാർ. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപമ്പിൽ എന്നിവർ സ്ഥലത്തെത്തി. ചാലക്കുടിയുടെ ചിരകാലാഭിലാഷമായ ഒരു പദ്ധതിയാണ് പൂർത്തിയാകുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.