പുതുക്കാട്: ആദിവാസി മേഖലയിൽ നിന്നും തൃശൂരിന്റെ അഭിമാനം ഉയർത്തിയ എച്ചിപ്പാറ ട്രൈബൽ കോളനിയിലെ വൈഷ്ണവി ബാലകൃഷ്ണന്റെ തുടർപഠനം ഏറ്റെടുത്ത് കെ.എസ്.യു ജില്ലാ കമ്മിറ്റി. കേരളാ വിദ്യാർത്ഥി യൂണിയന്റെ അറുപത്തി രണ്ടാമത് ജന്മദിനവും എച്ചിപ്പാറയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലുമാണ് കെ.എസ്.യുവിന്റെ പ്രഖ്യാപനം.
ആദിവാസി കോളനികളിലെ വിദ്യാർത്ഥി മുന്നേറ്റങ്ങൾക്ക് എന്നും കരുത്തായി കെ.എസ്.യു ഒപ്പമുണ്ടാകുമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ അറിയിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് വിനയൻ പണിക്കവളപ്പിൽ മുഖ്യാതിഥി ആയിരുന്നു. എച്ചിപ്പാറ ഗവ. ട്രൈബൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റിയാസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജെറോൺ ജോൺ, സോജൻ പെരുമ്പുള്ളികാടൻ, കെ.എസ്.യു ഭാരവാഹികളായ ജിഷ്ണു രമേശ്, മിഥുലാജ് ലത്തീഫ്, ഫൈസൽ ഇബ്രാഹിം, മിഥുൻ കൃഷ്ണ, വാർഡ് കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമുഹമ്മദ്, അലവി എന്നിവർ സംസാരിച്ചു.