കൊടുങ്ങല്ലൂർ: പ്രളയവുമായി ബന്ധപ്പെട്ട ധനസഹായത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവുമായി ആറ് വട്ടം തൃശൂരിലെത്തിയിട്ടും കളക്ടറെ സന്ദർശിക്കാൻ അനുമതി ലഭിക്കാത്തതിന്റെ നിരാശയിൽ പൊട്ടിക്കരഞ്ഞ അമ്മക്കും മകൾക്കും നഗരസഭാ ചെയർമാന്റെ സാന്ത്വനം ആശ്വാസമായി. നഗരസഭയിലെ എൽത്തുരുത്ത് 19ാം വാർഡിൽ മങ്കാട്ടിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇക്കോര പറമ്പിൽ പ്രബീഷ് ഭാര്യ ശ്രീജയ്ക്കും മകൾ മല്ലികയ്ക്കുമാണ് ചെയർമാൻ കെ.ആർ. ജൈത്രന്റെ ഉറപ്പ് സാന്ത്വനമായത്. പ്രളയത്തിലകപ്പെട്ട് വാസയോഗ്യമല്ലാതായ വീടിന്റെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പിലെ അപാകത പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സങ്കട ഹർജിയുമായാണ് ഇവർ കളക്ടറേറ്റിൽ എത്തിയത്. മേയ് 18ന് ഇവർ ഡെപ്യൂട്ടി കളക്ടറെ കണ്ടിരുന്നു. ഈ സമയം വീട് പരിശോധിക്കാൻ ബന്ധപ്പെട്ടവർ 30 നകം എത്തുമെന്ന് അറിയിച്ചു. ഒന്നും സംഭവിക്കാതെ വന്നതിനെ തുടർന്നാണ് ഇന്നലെ വീണ്ടും കളക്ടറേറ്റിൽ എത്തിയത്. എന്നാൽ വീടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് കളക്ടറെ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. മുൻനഗരസഭാ ചെയർമാൻ കെ.ബി. മഹേശ്വരിയുമൊത്ത് കളക്ടറേറ്റിൽ എത്തിയിട്ടും ഇതായിരുന്നു അവസ്ഥ. കണക്കെടുപ്പ് നടത്തിയവർക്ക് സംഭവിച്ച പിഴവ് ആണ് പ്രശ്‌നമെന്നതിനാൽ കളക്ടർ വിചാരിച്ചാലേ പരിഹാരമുണ്ടാകൂവെന്ന് ശ്രീജ പറയുന്നു. ഏത് വിധേനയും വീട് പുനർനിർമ്മിക്കൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് ചെയർമാൻ ഇവരെ തിരിച്ചയച്ചത്. പ്രളയത്തിൽ ഇവരുടെ വീട് താഴോട്ട് ഇരുന്ന് വാസയോഗ്യമല്ലാതായി. എന്നിട്ടും 60,000 രൂപയിൽ കൂടുതൽ അനുവദിക്കാൻ അധികൃതർ തയ്യാറായില്ല. ബന്ധപ്പെട്ട രേഖകൾ അധികൃതർക്ക് കൈമാറിയിട്ടും അവ യഥാസമയം കളക്ടറേറ്റിൽ എത്താതെ പോയതുൾപ്പെടെയുള്ള പ്രശ്‌നങ്ങളും ഇവർക്ക് വിനയായെന്നാണ് വിവരം.