കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം ഫെറിയിൽ ജങ്കാറിന് പകരമുണ്ടായിരുന്ന ബോട്ട് സർവീസും നിലച്ചു. ബോട്ട് അറ്റകുറ്റപ്പണികൾക്കായാണ് സർവീസ് നിറുത്തിയതെന്നാണ് വിവരം. ബോട്ട് സർവീസ് ശനിയാഴ്ച പുനരാരംഭിക്കുമെന്ന് കരാറുകാരൻ പറഞ്ഞു. നേരത്തെ സർവീസ് നടത്തിയിരുന്ന ജങ്കാർ, കോൺക്രീറ്റ് കുറ്റി ഒടിഞ്ഞതിനെ തുടർന്നാണ് ഓട്ടം നിറുത്തിയത്. ഒരു വർഷത്തോളമായിട്ടും ചുമതലയുള്ള ജില്ല പഞ്ചായത്തിന് കുറ്റി പുനഃസ്ഥാപിക്കാനായിട്ടില്ല.

37.80 ലക്ഷം ചെലവിൽ കുറ്റി നിർമിക്കാൻ തുറമുഖ എൻജിനിയറിംഗ് വകുപ്പിന് കരാർ നൽകി 10 ലക്ഷം മുൻകൂർ നൽകിയെങ്കിലും നാളിതുവരെ ഒന്നുമായില്ല. അനുവദിച്ച തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി കരാറുകാർ പിന്മാറുന്നെന്നാണ് വിശദീകരണം. ഇതേ തുടർന്ന് എസ്റ്റിമേറ്റ് പുതുക്കാനാണ് ജില്ല പഞ്ചായത്ത് തീരുമാനം. ഇതിനായി തുറമുഖ എൻജിനിയറിംഗ് ഉദ്യോഗസ്ഥർ വീണ്ടും പരിശോധിച്ച് പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കും. അഞ്ച് വർഷം മുമ്പ് 12 ലക്ഷം ചെലവിട്ട് നിർമിച്ച വാർക്കക്കുറ്റിയാണ് ഒരു വർഷം മുമ്പ് ഒടിഞ്ഞു കായലിൽ താഴ്ന്നത്. ഇതോടെയാണ് ജങ്കാർ നിലച്ചത്. ദിവസേന നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്തിരുന്ന കടത്തിൽ 40 പേർക്ക് കയറാവുന്ന ചെറിയ ബോട്ടാണ് ഓടുന്നത്. ബോട്ട് സർവീസ് ആരംഭിച്ചത് മുതൽ ബോട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്കയും പ്രതിഷേധവും ഉയർന്നിരുന്നു. വിദ്യാലയങ്ങൾ തുറക്കാൻ ദിവസം മാത്രം ബാക്കി നിൽക്കേ, കാലവർഷാരംഭവും ആകുന്നതോടെ ഇതുവഴിയുള്ള യാത്ര ഭീതിയുടെ നിഴലിലാവും. നിലവിൽ കൂറ്റൻ മത്സ്യ ബന്ധന ബോട്ടുകൾക്കിടയിലൂടെ കടന്നു പോകുന്ന കടത്തു ബോട്ടിൽ ഭയപ്പാടോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രം അപകടങ്ങൾ വഴി മാറിയ സംഭവമുണ്ടായി. പല ഘട്ടങ്ങളിലായി അറ്റകുറ്റപ്പണികൾക്ക് 2.66 കോടി ചെലവിട്ട ജങ്കാർ കോട്ടപ്പുറം പാലത്തിന് സമീപം കടവിൽ കിടന്ന് വെയിലും മഴയുമേറ്റ് നശിക്കുകയാണ്. ജങ്കാർ പ്രശ്നത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ യുവജന സംഘടനകളും ഒരുപോലെ മൗനത്തിലാണ്.