തൃശൂർ: തൃശൂർ ലോകസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി സി.പി.ഐയിലെ രാജാജി മാത്യു തോമസിന്റെ പരാജയ കാരണം വിലയിരുത്തുന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ തട്ടകമായിരുന്നിട്ടുകൂടി തൃശൂർ നിയമസഭാ മണ്ഡലത്തിൽ സി.പി.ഐ. മൂന്നാംസ്ഥാനത്തായതിന് പിന്നിലെ കാരണങ്ങൾ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കും. പരമ്പരാഗത ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ചോർച്ച സംസ്ഥാനത്താകമാനം വിശീയടിച്ച ടെന്റിന്റെ ഭാഗമാണോ, അതോ മണ്ഡലത്തിലെ മറ്റു പ്രത്യേക കാരണങ്ങളാണോ എന്നതു സംബന്ധിച്ചും ചർച്ചയുണ്ടാകും.
ഇടതുവോട്ടുകളിലെ ചോർച്ച അന്വേഷിക്കാൻ പ്രത്യേക കമ്മിഷനെ വിലയിരുത്തണെന്ന ആവശ്യം ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ചില നേതാക്കൾ ഉയർത്തിയിരുന്നു. പ്രചാരണം നേരത്തെ തുടങ്ങിയിട്ടും പ്രതീക്ഷിച്ചത്ര വോട്ടുകൾ നേടുന്നതിൽ പാർട്ടിക്കുള്ളിലെ ചില അഭിപ്രായ ഭിന്നതകൾ കാരണമായോയെന്ന് വിലയിരുത്തും.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷവും ഫല പ്രഖ്യാപനത്തിന് ശേഷവും സി.എൻ. ജയദേവൻ നടത്തിയ പരാമർശങ്ങളും ചർച്ച ചെയ്യും.