തൃശൂർ: ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി വഴി ജില്ലയിൽ ലക്ഷ്യമിടുന്നത് 24,800 മെട്രിക് ടൺ പച്ചക്കറി. ക്ളസ്റ്റർ കൃഷി ഉൾപ്പെടെ 50,000 മെട്രിക് ടൺ പച്ചക്കറി സമാഹരിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ഒരുമുറം പദ്ധതി പ്രളയം മൂലം വിജയിച്ചില്ലെങ്കിലും ക്ളസ്റ്റർ കൃഷി കൂടി ഉണ്ടായതിനാൽ 30,000 മെട്രിക് ടൺ വിളവെടുക്കാൻ കഴിഞ്ഞിരുന്നു. കർഷകർ, സ്‌കൂൾ വിദ്യാർത്ഥികൾ, സ്‌കൂളുകൾ, എൻ.ജി.ഒ എന്നിവരാണ് ഇക്കുറി ഒരു മുറം പച്ചക്കറിയുടെ പങ്കാളികൾ. വിവിധ പച്ചക്കറിക്കൃഷി വികസന പദ്ധതികൾക്കായി ജില്ലയിൽ ഇക്കുറി 4.07 കോടി രൂപ അനുവദിച്ചു കഴിഞ്ഞു.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് 3.74 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളാണ് ജില്ലയിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. പത്തുരൂപ വിലയുള്ള വിത്ത് പാക്കറ്റിന്റെ വിതരണം സ്‌കൂൾ തുറന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. ജില്ലാതല ഉദ്ഘാടനം ആറിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ നടക്കും. കൃഷിഭവനുകൾ മുഖേന കർഷകർക്കും 1.51 ലക്ഷം വിത്തു പായ്ക്കറ്റുകളും 17 ലക്ഷം തൈകളും നൽകും. എൻ.ജി.ഒയ്ക്ക് 62.850 വിത്ത് പാക്കറ്റ് നൽകും. വി.എഫ്.പി.സി.കെയുടെയും കൃഷി വകുപ്പിന്റെ ഫാമുകളുടെയും സഹകരത്തോടെയാണ് വിത്തുകൾ വിതരണം ചെയ്യുന്നത്.
പത്ത്‌സെന്റ് സ്ഥലത്ത് കൃഷി
സ്‌കൂളുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും വിഷരഹിത പച്ചക്കറിയുടെ ഗുണം വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുന്നതിന്റെയും ഭാഗമായി 10 സെന്റ് സ്ഥലത്ത് പച്ചക്കറിക്കൃഷി നടത്തുന്ന സ്‌കൂളുകൾക്ക് 5,000 രൂപ നൽകും. ജില്ലയിൽ 210 സ്‌കൂളുകളിൽ ഇത്തവണ കൃഷിയിറക്കും. 10.5 ലക്ഷം രൂപ ഇതിനനുവച്ചിട്ടുണ്ട്. സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി ആവശ്യത്തിന് പച്ചക്കറി ഉപയോഗിക്കാം. കൂടുതലുണ്ടെങ്കിൽ കർഷക മിത്രയിൽ അറിയിക്കാം. മിത്രയിലെ അംഗങ്ങൾ നേരിട്ടെത്തി വില നൽകി ശേഖരിക്കും. ഇവ ആഴ്ച ചന്തകൾ, ഇക്കോ ഷോപ്പുകൾ, മറ്റ് കേന്ദ്രങ്ങൾ വഴി വിൽക്കും.
കർഷകർക്ക് പച്ചക്കറി ക്‌ളസ്റ്ററുകൾ
അഞ്ച് ഹെക്ടറുള്ള പച്ചക്കറി ക്ലസ്റ്ററുകളായി സംഘടിച്ച് കൃഷി ചെയ്താൽ ക്ലസ്റ്ററിന് 75,000 രൂപ വീതം നൽകും. പഴയന്നൂർ, ഒല്ലൂക്കര മേഖലകളിലാണ് കൂടുതൽ ക്‌ളസ്റ്ററുകളും. മൺസൂൺ, വേനൽക്കാലം എന്നിങ്ങനെ രണ്ടുതരം ക്‌ളസ്റ്ററുകളും ഈ മേഖലയിലുണ്ട്. 95 ക്ലസ്റ്ററുകൾക്കാണ് ഈ വർഷം ധനസഹായം. ആവശ്യാനുസരണം പമ്പ് സെറ്റുകളും ലഭ്യമാക്കും.
തരിശുനിലത്തിലും കൃഷിയിറക്കാം
തരിശുനിലത്തിൽ കൃഷിയിറക്കാൻ ഹെക്ടറിന് 25,000 രൂപ വീതം ധനസഹായം നൽകും. മഴമറകൾ, തിരിനന, നഴ്‌സറികൾ എന്നിവ നിർമിക്കുന്നതിനും സഹായം നൽകും. താത്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം--------കെ.എസ്. മിനി (ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസ്)
ഒരു മുറം വിഭവ പ്രതീക്ഷ
(മെട്രിക് ടൺ കണക്കിൽ) ഇങ്ങനെ
കർഷകർ: 4500 + 7500 (തൈകൾ വഴി)
വിദ്യാർത്ഥികൾ: 11,000
എൻ.ജി.ഒ : 1800