തൃശൂർ: മലയാളിയുടെ ബഹു സ്വരതയുടെ സമാനതകളില്ലാത്ത മാതൃകയാണ് മാധവിക്കുട്ടിയെന്ന് എഴുത്തുകാരൻ കെ.ഇ.എൻ കുഞ്ഞഹമ്മദ്. ബഹുസ്വരത ജനാധിപത്യത്തിന്റെ മാതൃഭാഷയാണ്. കമലാസുരയ്യയുടെ പത്താം ചരമവാർഷികദിനത്തിൽ കേരള സാഹിത്യ അക്കാഡമി പുന്നയൂർക്കുളത്തെ കമലാസുരയ്യ സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹിക ബന്ധങ്ങൾക്കകത്തുള്ള ഏകാന്തതയാണ് അവർ അനുഭവിച്ചത്. ഓരോ അനുസ്മരണവും ചരിത്രത്തിന് അഭിമുഖം നിൽക്കുന്നു. പരിവർത്തനത്തെ സ്വാഗതം ചെയ്യുന്നവർ എല്ലാ മണ്ഡലത്തിലുംപെട്ട പരിവർത്തനങ്ങളെയും സ്വീകരിക്കാൻ തയ്യാറാവണം. വീടിനു പുറത്ത് ആളുകൾ മനുഷ്യരാകുകയും വീടനകത്ത് അതല്ലാതെയുമാകുന്നു. വീട്ടിൽ സാമൂഹികതയ്ക്ക് ഇടമില്ല. വ്യക്തിയുടെ മതപരിവർത്തനമെന്ന അവകാശത്തെ ഉൾക്കൊള്ളാൻ ആർക്കും സാധിക്കുന്നില്ല. സ്ത്രീപുരുഷബന്ധത്തിന്റെ സൂക്ഷ്മതയെക്കുറിച്ചുള്ള സംവാദവും സാദ്ധ്യമല്ല. മിശ്രവിവാഹം മനസ്സില്ലാമനസ്സോടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടെങ്കിലും മിശ്രവിവാഹാനന്തരതലമുറയുടെ പ്രശ്‌നങ്ങൾ അങ്ങനെയല്ല. മാധവിക്കുട്ടി മതം മാറിയപ്പോൾ പിറന്ന നാടടക്കം അവരെ അധിക്ഷേപിച്ചെന്നും കെ.ഇ.എൻ പറഞ്ഞു.

കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായി. അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ ആമുഖപ്രഭാഷണവും ഡോ. സുലോചന നാലപ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. അക്കാഡമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, വി.കെ. ശ്രീരാമൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ് എന്നിവർ സംസാരിച്ചു.