തൃശൂർ: സ്വരാജ് റൗണ്ടിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇതിനുള്ള സൗകര്യം ഒരുക്കി നൽകേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ചുമതലയാണെന്ന് കമ്മിഷൻ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. സ്ഥലം കണ്ടെത്തേണ്ട ബാദ്ധ്യതയിൽ നിന്ന് ഒഴിയാൻ നഗരസഭയ്ക്ക് സാദ്ധ്യമല്ല. ഇക്കാര്യത്തിൽ നഗരസഭാ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണം.
നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. തൃശൂർ റൗണ്ടിൽ നിലവിലുള്ള നഗരസഭാ സ്ഥാപനങ്ങളോട് ചേർന്ന് ശുചിമുറികൾ ഉണ്ടെന്നായിരുന്നു മറുപടി. പുതിയ ശുചിമുറികൾക്ക് സ്ഥലം കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്. വടക്കുന്നാഥക്ഷേത്ര സമിതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും ക്ഷേത്രസമിതിയുടെ നോൺ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ഇതിന് ആവശ്യമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ദേശീയ ശ്രദ്ധ നേടിയിട്ടുള്ള തൃശൂർ റൗണ്ടിൽ നിരവധി രാഷ്ട്രീയ, സാംസ്‌കാരിക സമ്മേളനങ്ങൾ നടക്കാറുണ്ടെന്നും ദീർഘയാത്ര കഴിഞ്ഞെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇവിടെ സൗകര്യമില്ലാത്തത് ഖേദകരമാണെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. വാടാനപ്പിള്ളി സ്വദേശി ജോർജ്ജ് ടെന്നി നൽകിയ പരാതിയിലാണ് നടപടി.