ചാഴൂർ: പുള്ളിലും സമീപ പടവുകളിലും ഉപയോഗിച്ചത് നിരോധിത കീടനാശിനിയെന്ന് കൃഷി വകുപ്പ് സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച്, മരുന്നു വിൽപ്പന നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. പുള്ള് അയ്യപ്പൻ കോളിലും പരിസരത്തുമാണ് കഴിഞ്ഞ ദിവസം ഗ്ലൈഫോസ്‌ഫേറ്റ് ഉപയോഗിച്ചുള്ള മരുന്നു തളി പുള്ള് പ്രകൃതി സംരക്ഷണ സമിതിയും നാട്ടുകാരും ചേർന്ന് തടഞ്ഞത്.

റൗണ്ടപ്പ്, സഫൽ എന്നീ പേരുകളിലാണ് ഇവ എത്തിയിരുന്നത്. ഈ കീടനാശി കഴിഞ്ഞ ഫെബ്രുവരിയിൽ 60 ദിവസത്തേക്ക് നിരോധിച്ചിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റിയിൽ വിവിധ ടെസ്റ്റുകൾ നടന്നു വരികയായിരുന്നു. രണ്ട് ദിവസം മുമ്പാണ് മരുന്ന് പൂർണമായും നിരോധിച്ച് ഉത്തരവിറങ്ങിയത്. കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലാ കൃഷി ഓഫീസിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് മാത്യു, അസി. ഡയറക്ടർ ഷാജൻ മാത്യു, ചാഴൂർ കൃഷി ഓഫീസർ മിനി ജോസഫ് എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തി. വിതരണക്കാരോട് ലൈസൻസിൽ നിന്നും ഈ കീടനാശിനിയുടെ പേര് നീക്കം ചെയ്യാൻ നിർദ്ദേശം നൽകി തുടങ്ങിയതായും, മരുന്ന് വിതരണം നടത്തിയവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായും ഇവർ പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട മന്ത്രിക്ക് പുള്ള് പ്രകൃതി സംരക്ഷണ സ്നേഹികൾ നന്ദി രേഖപ്പെടുത്തി.