പാവറട്ടി: ഇരുട്ടിന്റെ ലോകത്തു നിന്നും ഗുരു ജനങ്ങളുടെ കണ്ണു തുറപ്പിക്കാൻ വിദ്യാർത്ഥികൾ എത്തി. ജന്മനാ അന്ധത ബാധിച്ച ചേലക്കര സ്വദേശി രാഹുലും കൂട്ടുകാരുമാണ് പള്ളിക്കൂട ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെയ്ക്കാൻ പാവറട്ടിയിൽ ഹൈസ്‌കൂൾ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ എത്തിയത്. കോഴിക്കോട് സർവകലാശാല എം.എ പൊളിറ്റിക്‌സിൽ മൂന്നാം റാങ്ക് ജേതാവാണ് ഈ മിടുക്കൻ.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സെക്‌ഷന്റെ ഭാഗമായാണ് ഇവർ എത്തിയത്. വിദ്യാലയത്തിൽ നേരിടേണ്ടി വന്ന അവഗണനയും മറ്റുള്ളവരോടൊപ്പം എത്താൻ സഹിച്ച കഷ്ടപ്പാടുകളും രാഹുൽ അദ്ധ്യാപകരോട് പങ്കുവെച്ചു. സുഖമില്ലാത്ത കുട്ടി എന്ന നിലയിൽ പഠന പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിറുത്തി പ്രത്യേക പരിഗണന കാണിക്കേണ്ടതില്ലെന്നും മറ്റു കുട്ടികൾക് നൽകുന്ന മുഴുവൻ പ്രവർത്തനങ്ങളിലും ഇത്തരം കുട്ടികളെ പങ്കെടുപ്പിക്കണമെന്നും രാഹുൽ അദ്ധ്യാപകരോട് അഭ്യർത്ഥിച്ചു. അതേ സമയം ചില അദ്ധ്യാപകരുടെ പോസിറ്റീവ് സമീപനമാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് രാഹുൽ അനുസ്മരിച്ചു.
ചേലക്കര എസ്.എം.ടി ഹൈസ്‌കൂളിലെ റീസോഴ്‌സ് അദ്ധ്യാപകരായ എം. സിമി സത്യൻ, ഹെലൻ സോഫിയ എന്നിവരുടെ മാതൃതുല്യമായ ഇടപെടലുകൾ തന്റെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. പുല്ലാട്ടുപറമ്പിൽ പരേതനായ ചന്ദ്രൻ, സീതാലക്ഷ്മി ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് രാഹുൽ. രാഷ്ട്രതന്ത്രത്തിൽ ഗവേഷണം പൂർത്തീകരിച്ച് കോളേജ് അദ്ധ്യാപകനാവാനാണ് രാഹുലിന്റെ അഭിലാക്ഷം. ഇപ്പോൾ എൺപത് ശതമാനത്തിലേറെ അന്ധതയുള്ള രാഹുൽ പ്രത്യേക സോഫ്റ്റ്‌വെയർ പ്രയോജനപ്പെടുത്തി കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ എന്നിവ ഉപയോഗിക്കുന്നുണ്ട്. നേത്രനാഡികൾ ദുർബലമായി വരുന്നതിനാൽ ഏതു നിമിഷവും പൂർണ്ണ അന്ധത ബാധിച്ചേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. സാമ്പത്തിക പരാധീനതയും പഠനത്തിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഉൾകണ്ഠയുടെ മുൾമുനകൾക്കിടയിലും ജീവിതത്തോട് പൊരുതി വിജയിക്കാൻ തന്നെയാണ് ഈ ഇരുപത്താനാലുകാരന്റെ തീരുമാനം.