obituary
കിടപ്പറയിൽ തൂങ്ങി മരിച്ച ഷജീറ

ചാവക്കാട് : ചാവക്കാട് എടക്കഴിയൂരിൽ യുവതി ദുരൂഹ സാഹചര്യത്തിൽ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ. എടക്കഴിയൂർ ജുമാ അത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും, അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയാണ് (26) മരിച്ചത്.

പുലർച്ചെ നാലരയോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. കിടപ്പറയിലെ ജനൽ വിരിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഷജീറയെ കൂടാതെ വീട്ടിൽ മാതാവും, അനുജത്തിയും മാത്രമാണുണ്ടായിരുന്നത്. സമീപത്ത് കിടന്ന കുഞ്ഞ് കരയുന്നത് കേട്ടാണ് വീട്ടുകാർ മുറിയിലെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവമറിഞ്ഞ ചാവക്കാട് സി.ഐ എം.കെ. സജീവ്, എസ്.ഐ. ശശീന്ദ്രൻ മേലയിൽ തുടങ്ങിയവർ സ്ഥലത്തെത്തി.

ഫോറൻസിക്, വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പൊലീസ് നായ ഡോണയും പരിശോധന നടത്തി. ഡോണ വീടിന് ചുറ്റും കറങ്ങിയ ശേഷം വടക്കുഭാഗത്തെ ചുറ്റുമതിലിലെ ചെറിയ വാതിലിലൂടെ കിഴക്ക്‌ ഭാഗത്തെ റോഡിലെത്തി നിന്നു. ചാവക്കാട് തഹസിൽദാർ കെ.വി ആംബ്രോസ് ഇൻക്വസ്റ്റ് നടത്തി. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ എന്തെങ്കിലും പറയാനാകൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം എടക്കഴിയൂരിലെ വീട്ടിലെത്തിച്ചു. അൽഐനിലുള്ള ഷജീറയുടെ ഭർത്താവ് റഹീം എത്തിയ ശേഷം ഖബറടക്കം ഇന്ന് രാവിലെ 8 .30 -ന് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. രണ്ട് വയസുകാരനായ അഹമ്മദ് ഫറാസാണ് മകൻ.