gvr-collector

ഗുരുവായൂർ: അമ്മയുടെ യാത്രഅയപ്പിന് ഔദ്യോഗിക പരിവേഷങ്ങളില്ലാതെ കളക്ടർ അനുപമ. ദേവസ്വം മരാമത്ത് വിഭാഗത്തിൽ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറായ അമ്മ ടി.വി. രമണിയുടെ യാത്രഅയപ്പ് ചടങ്ങിൽ പങ്കെടുക്കാനാണ് കളക്ടർ അനുപമ എത്തിയത്. ദേവസ്വത്തിൽ നിന്നും വിരമിച്ച 13 പേരുടെ യാത്രഅയപ്പ് ചടങ്ങാണ് ഇന്നലെ നടന്നത്. യാത്രഅയക്കുന്ന ചടങ്ങിൽ പങ്കാളിയാകാൻ ഔദ്യോഗികമായ എല്ലാ തിരക്കുകളും മാറ്റിവച്ച് കളക്ടർ അനുപമ എത്തുകയായിരുന്നു. ആദ്യം സദസ്സിലേക്കാണ് എത്തിയതെങ്കിലും ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കളക്ടറെ വേദിയിലേക്കാനായിച്ചു. കളകടർ എത്തിയപ്പോൾ വേദിയും സദസ്സും ഒന്നടങ്കം എഴുന്നേറ്റ് ബഹുമാനം പ്രകടമാക്കി. പ്രത്യേക ക്ഷണിതാവല്ലെങ്കിലും ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ദേവസ്വം ചെയർമാൻ കളകടറോട് ആവശ്യപ്പെട്ടെങ്കിലും സ്‌നേഹപൂർവ്വം അത് നിരസിച്ച് ചെയർമാനോട് തന്നെ ഉദ്ഘാടനം ചെയ്യാൻ കളക്ടർ ആവശ്യപ്പെടുകയായിരുന്നു. അമ്മയെ പൊന്നാട അണിയിക്കാൻ ക്ഷണിച്ചപ്പോഴും വിട്ടുനിന്ന കളക്ടർ ആശംസാ പ്രസംഗം നടത്തിയശേഷമാണ് മടങ്ങിയത്.