പാറശാല: നെയ്യാറിന്റെ ഇടതുകര കനാലിലൂടെ ആവശ്യത്തിലധികം ജലം തുറന്ന് വിടുന്നത് കനാലിന്റെ പരിസരവാസികൾക്ക് ഭീഷണിയാകുന്നതായി പരാതി. നെയ്യാറിന്റെ ഇടതുകര കനാലിൽ നിന്നും അയിര വാത്തിക്കുഴിയിലൂടെ കടന്നുപോകുന്ന സബ് കനാലിലൂടെയാണ് അടിക്കടി അധികജലം തുറന്ന് വിടുന്നത്. ഇതുകാരണം കനാലിന്റെ പരിസരത്തെ പല വീടുകൾക്ക് ചുറ്റും വെള്ളം നിറയുന്നത് അപകട ഭീഷണിയാകുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ വെള്ളം തുറന്ന് വിട്ടതിനെതിരെ നാട്ടുകാർ ഇറിഗേഷന്റെ പാറശാല എ.ഇയെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് കനാലിലൂടെയുള്ള വെള്ളം അടച്ചു. ഇത്തരത്തിൽ കനാലിലൂടെ അധികജലം അടിക്കടി തുറന്ന് വിടുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുമ്പോഴാണ് ഇവിടെ കൂടുതൽ ജലം ഒഴുക്കിവിട്ട് പാഴാക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് ഉദിയൻകുളങ്ങര വഴി കടന്നുപോകുന്ന കനാലിലേക്ക് കൂടുതൽ വെള്ളം തുറന്ന് വിട്ടത് റോഡിന് കുറുകെയുള്ള പൈപ്പ് ചപ്പുചവറുകൾ നിറഞ്ഞ് അടയുന്നതിനും തുടർന്ന് ധനുവച്ചപുരത്ത് ട്രെയിൻ ഗതാഗതം തടസപ്പെടുന്നതിനും കാരണമായി. ട്രാക്കിലേക്ക് വെള്ളം കയറിയത് ഇലക്ട്രിക് ഷോക്കിന് കാരണമായത് മൂന്ന് മണിക്കൂറുകളോളം ട്രയിൻ ഗതാഗതം നിറുത്തി വച്ചതിനെ തുടർന്ന് വിദഗ്ദ്ധർ സ്ഥലത്തെത്തി തകരാറുകൾ പരിഹരിച്ചതിനെ തുടർന്നാണ് സർവ്വീസ് പുനരാരംഭിച്ചത്.