ലഞ്ച് ബ്രേക്ക്.
പാഞ്ചാലിക്കുള്ള ഫുഡ് ഒരു പാത്രത്തിലെടുത്ത് രാജമ്മ അവളുടെ കയ്യിൽ കൊണ്ടുക്കൊടുത്തു.
വൃക്ഷത്തണലിലിരുന്നും ചിലർ നിന്നുകൊണ്ടും നടന്നുകൊണ്ടും മൊബൈലിൽ സംസാരിച്ചുകൊണ്ടുമൊക്കെ ഭക്ഷണം കഴിക്കുന്നത് പാഞ്ചാലി ശ്രദ്ധിച്ചു.
ഇത് മറ്റൊരു ലോകമാണ് എന്ന് അവൾക്കു തോന്നി.
ഉച്ച ബ്രേക്കു കഴിഞ്ഞ് ഡയറക്ടർ, സൂസനെ തന്റെ അടുത്തേക്കു വിളിച്ചു.
''എന്താ സാർ?"
അവൾ അടുത്തു ചെന്നു.
''ഏതാ ആ കുട്ടി?" സൂസന്റെ കൂടെ വന്ന... അയാൾ തിരക്കി.
''ഞാനിപ്പോൾ താമസിക്കുന്ന കോവിലകത്തേതാ... വടക്കേ കോവിലകത്തെ..."
''എന്തൊരു സുന്ദരിക്കുട്ടിയാ...!
ക്യാമറയിലൂടെ നോക്കുമ്പോൾ ഈ കാണുന്നതിന്റെ ഇരട്ടിയാകുന്നു സൗന്ദര്യം. നല്ല ഗ്രാമീണതയും ശ്രീത്വവും."
സൂസൻ ചിരിച്ചുകൊണ്ട് തലയാട്ടി.
''സാറിന്റെ ഉള്ളിൽ എന്തോ ഉണ്ടല്ലോ..."
''ഉണ്ട്. ഇവളെക്കൂടി നമ്മുടെ സീരിയലിൽ ഉൾപ്പെടുത്തിയാൽ റേറ്റിംഗ് കൂടും. കണ്ടു പഴകിയ മുഖങ്ങൾക്കിടയിൽ ഇവൾ വല്ലാതെ ശ്രദ്ധിക്കപ്പെടും."
സൂസന് ഉള്ളിൽ ചിരി വന്നു.
ഏറിയാൽ നാലോ അഞ്ചോ ദിവസങ്ങങ്ങൾക്കുള്ളിൽ കൊല്ലപ്പെടാൻ പോകുന്ന പെണ്ണ്!
അവളെ സീരിയലിൽ അഭിനയിപ്പിക്കുക!
പക്ഷേ സൂസൻ പറഞ്ഞത് ഇങ്ങനെ:
''നമുക്ക് ആലോചിക്കാം സാർ... ഞാൻ ഇന്ന് അവളോട് ഇതേക്കുറിച്ചു സംസാരിക്കാം."
''മതി. പക്ഷേ അധികം വൈകരുത്. സൂസന്റെ അനുജത്തിക്കുട്ടിയുടെ വേഷമാകും നമ്മൾ അവൾക്കു നൽകുക. അവസാനം സൂസൻ തന്നെ കെണിയിൽപ്പെടുത്തി അവളെ വകവരുത്തിക്കുന്ന കഥാപാത്രം."
സൂസൻ വല്ലാതെ നടുങ്ങിപ്പോയി... താൻ ഇപ്പോൾ ചെയ്യാൻ പോകുന്നതും അതാണല്ലോ എന്ന് ഓർത്തപ്പോൾ ഒരു വിറയൽ....
പെട്ടെന്നു തന്നെ അവൾ ഡയറക്ടറുടെ അടുത്തുനിന്നു മാറി.
വൈകിട്ട് തിരികെ കോവിലകത്തേക്കു മടങ്ങുമ്പോൾ നിർത്താതെ സംസാരിക്കുകയായിരുന്നു പാഞ്ചാലി.
അവൾക്ക് നൂറുകൂട്ടം കാര്യങ്ങളുണ്ട്. സംശയങ്ങളുണ്ട്.
സൂസന്റെ അഭിനയത്തെക്കുറിച്ച്. ഷൂട്ടിംഗിനെക്കുറിച്ച്.
ഉള്ളിൽ നീരസം തോന്നിയെങ്കിലും സൂസൻ എല്ലാം മൂളിക്കേൾക്കുകയും ഇടയ്ക്കിടെ മറുപടി നൽകുകയും ചെയ്തു.
അവസാനം 'വല്ലാത്ത തലവേദന' എന്നു പറഞ്ഞ് അവൾ സീറ്റിലേക്കു ചാരി കണ്ണുകൾ അടച്ചിരുന്നു.
അടുത്ത ദിവസവും കടന്നുപോയി...
രണ്ടാം നാൾ അതീവ ഉത്സാഹത്തോടെയാണ് പാഞ്ചാലി എഴുന്നേറ്റത്. കാരണം ഇന്നാണ് ആഢ്യൻപാറയിൽ വച്ച് വിവേകുമായി സംസാരിക്കുന്നത്.
രാവിലെ തന്റെ മുറിയിലെത്തിയ സൂസനോട് പാഞ്ചാലി തിരക്കി:
''ആന്റീ... വിവേകിനു കൊടുക്കാൻ ഫോൺ വാങ്ങാമെന്നു പറഞ്ഞിട്ട്?"
''അതൊന്നും ഞാൻ മറന്നിട്ടില്ല."
സൂസൻ സ്നേഹം ഭാവിച്ച് അവളുടെ കവിളിൽ മൃദുവായി ഒന്നു നുള്ളി:
''ഇന്ന് ഉച്ചയ്ക്ക് ഷൂട്ടുനിർത്തി ഞാനിങ്ങ് വരും. അപ്പോൾ ഫോണും ഉണ്ടാവും."
പറഞ്ഞതുപോലെ ഒന്നരയായപ്പോൾ സൂസൻ തിരിച്ചെത്തി.
നേരെ പാഞ്ചാലിയുടെ അടുത്തേക്കാണു ചെന്നത്.
'ഓപ്പോ"യുടെ ഒരു പുതിയ ഫോൺ അടങ്ങിയ കവർ അവൾ പാഞ്ചാലിയുടെ കയ്യിലേക്കു വച്ചുകൊടുത്തു.
പാഞ്ചാലി കവർ ഓപ്പൺ ചെയ്ത് ഫോൺ പുറത്തെടുത്തു.
''നല്ല ഫോണാണല്ലോ ആന്റീ? വിവേകിന് ഒത്തിരി സന്തോഷമാകും."
ഒന്നു തുള്ളിച്ചാടണം എന്നു തോന്നി പാഞ്ചാലിക്ക്.
''ഇതിന് എത്ര രൂപയായി?"
''അത് എത്രയെങ്കിലും ആയിക്കോട്ടെ. നമ്മൾ ഒരാൾക്ക് ഒരു സമ്മാനം കൊടുക്കുമ്പോൾ ഏറ്റവും നല്ലത് വേണം കൊടുക്കാൻ."
''നല്ല ആന്റി. ഇതൊന്നും മമ്മി അറിയല്ലേ..."
പാഞ്ചാലി, സൂസനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.
നാലുമണിയാകുവാൻ കാത്തിരിക്കുകയാണ് പാഞ്ചാലി.
സമയത്തിന് തീരെ വേഗതയില്ലെന്ന് അവൾക്കു തോന്നി.
മൂന്നുമണി ആയപ്പോൾത്തന്നെ അവൾ കുളിച്ചൊരുങ്ങി.
കഴിഞ്ഞ ദിവസം സൂസൻ വാങ്ങിക്കൊടുത്ത പുതിയ ചുരിദാറാണു ധരിച്ചത്. ശേഷം പലതവണ അവൾ നിലക്കണ്ണാടിക്കു മുന്നിൽ നിന്ന് ചരിഞ്ഞും തിരിഞ്ഞും നോക്കി.
സമയം 3.45.
സൂസൻ അടുത്തുവന്നു.
''മോളേ... വിവേകിനെ ഒന്നു വിളിച്ചുനോക്കിക്കേ. അവൻ വരുമെന്ന് ഉറപ്പാക്കണമല്ലോ..."
പാഞ്ചാലി, സുധാമണിയുടെ നമ്പരിലേക്ക് കാൾ അയച്ചു.
''മോളേ.. അവൻ കുറച്ചുമുമ്പേ എങ്ങോട്ടോ പോയല്ലോ..."
സുധാമണിയുടെ മറുപടി.
അവൻ ആഢ്യൻപാറയ്ക്കു പോയിരിക്കുന്നു. പാഞ്ചാലിക്ക് മനസ്സിലായി.
അവൾ സൂസനോടു വിവരം പറഞ്ഞു.
''എങ്കിൽ നമുക്കും പോകാം."
ഇരുവരും പാഞ്ചാലിയുടെ മുറിയിൽ നിന്നിറങ്ങി.
പെട്ടെന്ന് ചന്ദ്രകല മുന്നിൽ!
ഇരുവരും നെറ്റിചുളിച്ചു.
''എങ്ങോട്ടാ?" ചന്ദ്രകലയുടെ ചോദ്യം പാഞ്ചാലിയോട് ആയിരുന്നു.
''ഞാൻ ...." അവൾ പരുങ്ങി.
''ആന്റീടെ കൂടെ ആഢ്യൻപാറയിൽ.."
''വേണ്ടാ..." ചന്ദ്രകലയുടെ ശബ്ദം മുറുകി. ''തോന്നുമ്പോൾ അങ്ങനെ പോകണ്ടാ."
പാഞ്ചാലി വിളറിപ്പോയി. നിരാശയുടെ ഒരു വല അവൾക്കു മേൽ ചിതറിവീണു.
(തുടരും)