chantha

നെടുമങ്ങാട് : മായം കലർന്ന മത്സ്യം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ അതോറിട്ടി ആവിഷ്‌കരിച്ച 'ഓപ്പറേഷൻ സാഗർ റാണി' വെള്ളത്തിലായതോടെ വിഷ മത്സ്യം മാർക്കറ്റുകൾ കൈയടക്കി.കഴിഞ്ഞ വർഷം വില്പനയ്‌ക്കെത്തിച്ച 28,000 കിലോ മായം കലർന്ന മത്സ്യമാണ് ഓപ്പറേഷൻ സാഗർ റാണിയിലൂടെ പിടികൂടി നശിപ്പിച്ചത്.ഇക്കൊല്ലം ഇതുവരെ വ്യാജ മത്സ്യം കണ്ടെത്താൻ നടപടിയെടുത്തിട്ടില്ല.

ഏതാനും ദിവസം മുമ്പ് ഭക്ഷ്യസുരക്ഷാ ജീവനക്കാർ നെടുമങ്ങാട് ഉൾപ്പെടെയുള്ള പ്രധാന മത്സ്യ വിപണികളിൽ പരിശോധന നടത്തിയിരുന്നു.

വിഷു, ഈസ്റ്റർ നാളുകളിൽ ദിവസങ്ങളോളം പഴക്കമുള്ള മത്സ്യമാണ് വ്യാപകമായി വിറ്റഴിച്ചതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടുണ്ട്. മിച്ചം വരുന്ന മത്സ്യത്തിൽ അമോണിയ, ഫോർമാലിൻ മരുന്ന് തളിച്ച് സൂക്ഷിക്കുന്നതായാണ് ലഭിച്ച വിവരം.

മരുന്ന് തളിച്ച് കഴിഞ്ഞാൽ ഒരാഴ്ച വരെ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനാവും.

ചൂര, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിലാണ് കൂടുതലായും മരുന്ന് തളിക്കുന്നത്.ഈ മത്സ്യങ്ങൾക്ക് ആവശ്യക്കാരേറെയാണ്.അമിത വിലയും ഈടാക്കും. പ്രധാന റോഡുകളുടെ വശങ്ങളിൽ വൈകിട്ട് വില്പനയ്ക്കെത്തുന്നതും മായം കലർന്ന മത്സ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

'ഫ്രഷ്' എന്ന വ്യാജേന വിൽക്കുന്ന മീനിലെ വിഷംശം തിരിച്ചറിയാൻ പ്രയാസമാണ്. മരുന്ന് പ്രയോഗിച്ച മത്സ്യങ്ങൾ നല്ല തിളക്കവും കണ്ണുകൾക്ക് നീല നിറവുമായിരിക്കും.ഇവ മുറിക്കുമ്പോൾ ഉള്ളിൽ പുഴുക്കളുണ്ടാവും.മൂന്ന് വർഷം മുമ്പാണ് ആദ്യമായി ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ അധികൃതർക്ക് പിടിച്ചെടുക്കാനായത്. പിന്നീട് ജില്ലയുടെ മറ്റു കേന്ദ്രങ്ങളിലേക്കും ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി രാസവസ്തുക്കൾ കലർന്ന മീൻ പിടികൂടിയിരുന്നു.നഗരസഭകൾ കേന്ദ്രീകരിച്ചും ജില്ലാപഞ്ചായത്തിന് കീഴിലും ആരോഗ്യ വിഭാഗത്തിന്റെ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മായം കലർന്ന മത്സ്യവില്പന തടയുന്നതിന് ശ്രമമുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജീവനക്കാരുടെ കുറവാണ് റെയ്ഡുകൾ കുറയാൻ കാരണമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വിഷമത്സ്യം ജില്ലയിലെ മാർക്കറ്റുകളിലെത്തിയിരിക്കുന്നത്. കർണാടക, തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറികളിലാണ് ഫോർമാലിൻ മത്സ്യം എത്തിക്കുന്നത്. ലോഡ് കണക്കിന് എത്തുന്ന മത്സ്യം പിടികൂടിയാൽ എവിടെ മറവു ചെയ്യുമെന്നാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ ആശങ്ക. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനും ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫീസർക്കും കത്ത് നൽകി. നെടുമങ്ങാട് ഉൾപ്പെടെയുള്ള പ്രധാന മത്സ്യ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി ശേഖരിച്ച സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി റീജിയണൽ ലബോറട്ടറിയിൽ അയച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം കരകുളം പഞ്ചായത്തിലെ വീട്ടമ്മ വാങ്ങിയ ചൂര മുറിച്ചപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു. മാംസം താനേ അടർന്നു വീണു. ഉള്ളിൽ നീല നിറം പടർന്നിരുന്നു. ഇത്തരം അനുഭവങ്ങൾ കാര്യമാക്കാതെ കറി വച്ചാൽ രുചിക്കുറവും കഴിക്കുന്നവർക്ക് വയർ സംബന്ധമായ അസുഖങ്ങളും പിടിപെടും. പതിവായി ഇത്തരം മത്സ്യം കഴിക്കുന്നവർ മാരകരോഗങ്ങൾക്ക് അടിമയാവുമെന്നാണ് ആരോഗ്യ വകുപ്പധികൃതർ നൽകുന്ന മുന്നറിയിപ്പ്.