തിരുവനന്തപുരം: കായൽ ഭംഗി ആസ്വദിക്കാൻ കഠിനംകുളം മുതൽ അകത്തുമുറി ബോട്ട് സർവീസ് തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനം എങ്ങുമെത്തിയില്ല. ജില്ലയിലെ തീരദേശ കായലുകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഉൾനാടൻ കായൽ വിനോദസഞ്ചാര പദ്ധതി ആരംഭിക്കുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ 2017ൽ പ്രഖ്യാപിച്ചത്. 2018ലെ ബഡ്‌ജറ്റിൽ പദ്ധതിക്ക് തുക വകയിരുത്താത്തതാണ് തിരിച്ചടിയായത്. മന്ത്രിയുടെ പ്രഖ്യാപനം ബഡ്‌ജറ്റിൽ ആവർത്തിക്കുക മാത്രമാണുണ്ടായത്. ബോട്ട് ടെർമിനൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് കഠിനംകുളം ക്ഷേത്രത്തിന്റെ കൈവശമുള്ള ഭൂമിയിലാണ്. ടെർമിനലിനായി ഭൂമി വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് ടൂറിസംവകുപ്പ് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ ബോർഡ് തീരുമാനം കൈക്കൊണ്ടിട്ടില്ല. ഭൂമി വിട്ടുതരുമെന്ന പ്രതീക്ഷയാണ് ടൂറിസംവകുപ്പിനുള്ളത്. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശിയുടെ മണ്ഡലമായതിനാൽ അദ്ദേഹവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
പദ്ധതിയെക്കുറിച്ച്
-------------------------------------
ചരിത്ര സ്‌മാരകങ്ങളെയും മനോഹരമായ കായൽ തീരങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുള്ള ബോട്ട് സർവീസാണ് ലക്ഷ്യമിട്ടിരുന്നത്. കാക്കത്തുരുത്ത്, പെരുമാതുറ പാലം, മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കായിക്കര ആശാൻ സ്‌മാരകം, പൊന്നുംതുരുത്ത്, പണയിൽക്കടവ് വഴി അകത്തുമുറിവരെ എത്തുന്ന തരത്തിലായിരുന്നു പദ്ധതി. കാശ്‌മീരിലെ ദാൽ തടാകത്തിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള 20 പേർക്ക് ഇരിക്കാവുന്ന ഷിക്കാര ബോട്ടുകളാണ് ഇതിനായി ഉപയോഗിക്കാൻ തീരുമാനിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെയാണ് (ഡി.ടി.പി.സി) പദ്ധതി നടത്തിപ്പിനായി ചുമതലപ്പെടുത്തിയത്. ഹൗസ്‌ബോട്ട് സർവീസ് നടത്തുന്നതിന് സ്വകാര്യ സംരംഭകരെ ഏല്പിക്കാനും തത്വത്തിൽ ധാരണയായിരുന്നു
പദ്ധതി വിഭാവനം ചെയ്‌തത് ഇങ്ങനെ
ഹൗസ് ബോട്ടുകൾക്ക് ഉൾപ്പെടെ സൗകര്യം നൽകുന്ന ബോട്ട് ടെർമിനൽ
ലഘുഭക്ഷണശാല, ആധുനിക രീതിയിലുള്ള ടോയ്ലെറ്റ്
പണയിൽക്കടവിൽ വിശ്രമകേന്ദ്രം
പെരുമാതുറ, അഞ്ചുതെങ്ങ്, കായിക്കര, പൊന്നുംതുരുത്ത്,
പണയിൽക്കടവ്, അകത്തുമുറി എന്നിവിടങ്ങളിൽ ഫ്ളോട്ടിംഗ് ജെട്ടികൾ
ബയോടോയ്ലെറ്റുകൾ, സ്വീവേജ് ട്രീറ്റ്‌മെന്റ് സൗകര്യം