loksabha-election

തിരുവനന്തപുരം: പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലായാൽപോലും ഇടത് മുന്നണിയിലെ ആളുകൾ തമ്മിലുള്ള അപക്വമായ ചർച്ചകൾ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് സി.പി.ഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊന്നാനിയിൽ സി.പി.ഐ പ്രാദേശിക നേതാക്കൾക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവർ ഉന്നയിച്ച ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതിയിൽ വലിയ കാര്യമില്ല. ഒരു മുന്നണിയാവുമ്പോൾ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ സ്വാഭാവികമാണ്.

പ്രാദേശികമായ ചില പ്രശ്‌നങ്ങളാണത്. അതിനെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാഗമായൊന്നും കണക്കുകൂട്ടേണ്ട. അവിടെയുള്ള പ്രാദേശിക പ്രശ്നങ്ങൾ അതാത് സ്ഥലത്ത് സംസാരിച്ച് തീർക്കും. നമ്മൾ അപക്വമായ ചർച്ചകളിലേക്ക് പോകുന്നത് നല്ലതല്ല. കേരളത്തിൽ നിലവിലുള്ള ഇടതുപക്ഷ ഐക്യം ഏറ്രവും വലിയ ശക്തിയായി,​ പ്രകടനപരമായി വന്ന തിരഞ്ഞെടുപ്പാണിത്. ഇടതുപക്ഷ പാർട്ടികൾ ഒരു മനസോടെ പ്രവർത്തിച്ച തിരഞ്ഞെടുപ്പാണിത്. അതിന് വിഘ്നം ഉണ്ടാക്കരുത്. അവ‌ർ പക്വത പാലിക്കണം. ആത്മസംയമനം പാലിക്കണം. അൻവർ എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതറിയില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കും.

ചർച്ചയായത് വിശ്വാസം

ലോക്‌സഭാ തിര‌‌‌ഞ്ഞെടുപ്പെന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിന് പകരം വിശ്വാസം ചർച്ച ചെയ്ത തിര‌ഞ്ഞെടുപ്പാണിത്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നത് ബോധപൂർവം ഒഴിവാക്കി. ബി.ജെ.പിയാണ് ഇതിനുള്ള തന്ത്രം ആവിഷ്കരിച്ചത്. വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. കോൺഗ്രസും ഇക്കാര്യത്തിൽ ബി.ജെ.പിയുടെ പരോക്ഷ സഹായത്തിനെത്തി. രണ്ടുപേർക്കും ഇടതുപക്ഷത്തെ തകർക്കുകയാണ് വേണ്ടത്. 59ലെ കമ്യൂണിസ്റ്ര് വിരുദ്ധ മുന്നണി പോലെ ഒരു മുന്നണിയാണ് ഇവർ കൊണ്ടുവരുന്നത്.

മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷ് തന്ത്രം തന്നെയാണ് ഇവർ പ്രയോഗിച്ചത്. ഹിന്ദുവിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചു. അവർ മതത്തിന്റെ പേര് പറഞ്ഞപ്പോൾ ഞങ്ങളത് ചെയ്തില്ല. ഞങ്ങൾക്കൊരു ലക്ഷ്മണ രേഖയുണ്ട്. തിരഞ്ഞെടുപ്പ് വിജയമല്ല പ്രധാനം. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷമാണ്. വർഗീയ ധ്രുവീകരണത്തിലൂടെ അത് തകർക്കാനാണ് അവർ ശ്രമിച്ചത്. അതിനെ നേരിടും. പച്ചയായ മതം പറ‌ഞ്ഞാണ് ഇരുകൂട്ടരും വോട്ട് പിടിച്ചത്. ഞങ്ങളതിനെ എതിർത്തു. ആരാണ് ജയിച്ചതെന്ന് തിര‌ഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാം.

കേരളത്തിലെ മത ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. അവരെ അനുകൂലമാക്കാൻ കുടിലതന്ത്രമാണ് കോൺഗ്രസ് ആവിഷ്കരിച്ചത്. ബി.ജെ.പി വരുമെന്ന് പറഞ്ഞ് അവർ ന്യൂനപക്ഷങ്ങളെ ആകർഷിക്കാനാണ് ശ്രമിച്ചത്. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരു കുടുംബത്തെപോലെ കഴിയുന്ന നാടാണിത്. ഇവിടെ വർഗീയത കൊണ്ടുവന്ന് സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ പ്രതികരിക്കും.

ഈ തിര‌ഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് മാന്യമായ വിജയം നേടും. കഴിഞ്ഞ തവണ എട്ട് സീറ്ര് കിട്ടി. ഇക്കുറി അതിൽ കൂടുതൽ കിട്ടും.