veena-george

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലം കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തിയ സി.പി.എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉറപ്പിക്കുന്നത് പതിനൊന്ന് സീറ്റുകൾ. കടുത്ത ത്രികോണമത്സരത്തിന് വേദിയായതും പാർട്ടി അഭിമാനപ്രശ്നമായി വിലയിരുത്തുന്നതുമായ പത്തനംതിട്ട മണ്ഡലവും ഈ പതിനൊന്നിൽ ഉൾപ്പെടുന്നതായാണ് സൂചന. ജില്ലാകമ്മിറ്റികൾ നൽകിയ കണക്കുകളനുസരിച്ച് വയനാടും മലപ്പുറവുമൊഴിച്ചുള്ള മണ്ഡലങ്ങളിലെല്ലാം കൂട്ടലും കിഴിക്കലും നടത്തി ജയസാദ്ധ്യതയാണ് അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പതിനെട്ടോ അതിലധികമോ സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടതും.

എല്ലാ കണക്കുകളും പക്ഷേ, സി.പി.എം നേതൃത്വം അതേപടി മുഖവിലയ്ക്കെടുക്കുന്നില്ല. കടുത്ത മത്സരമെന്ന് തോന്നിപ്പിക്കുന്ന മണ്ഡലങ്ങളിൽ നേരിയ മുൻതൂക്കമൊക്കെ പ്രതീക്ഷിച്ചാണ് ജയസാദ്ധ്യത പറഞ്ഞത് എന്നിരിക്കെ, അത്തരം മണ്ഡലങ്ങളെ കൂട്ടാതെയുള്ള നിഗമനത്തിലാണ് പാർട്ടി ഇപ്പോൾ എത്തിനിൽക്കുന്നത്. ഇതനുസരിച്ചാണ് 11 സീറ്റുകൾ ഉറപ്പിക്കുന്നത്.

കാസർകോട്, വടകര, കോഴിക്കോട്, തൃശൂർ, പാലക്കാട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ മണ്ഡലങ്ങളാണ് ഉറപ്പിക്കുന്നതെന്നാണ് അറിയുന്നത്. തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുന്നതോടെ നിയമസഭാമണ്ഡലങ്ങളിൽ അരൂരും ആറന്മുളയും കോഴിക്കോട് നോർത്തിലും മാവേലിക്കരയിലും ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നു.

ഹിന്ദു മുന്നാക്ക വോട്ടുകൾ ബി.ജെ.പിക്കും കോൺഗ്രസിനുമായി വിഭജിച്ച് പോകുമെന്ന് കണക്കുകൂട്ടുന്ന സി.പി.എം പത്തനംതിട്ടയിൽ സിറ്റിംഗ് എം.പിക്കെതിരായ ജനവികാരം കൂടിയാകുമ്പോൾ ഇടത് ജയം ഉറപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് ഇടത് സ്ഥാനാർത്ഥി സി. ദിവാകരൻ അവസാനനിമിഷം വരെയും ഏറെ മുന്നിലായിരുന്നെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് വിജയസാദ്ധ്യത കാണുന്നു. ജില്ലാകമ്മിറ്റിയുടെ കണക്കിൽ നേരിയ ഭൂരിപക്ഷത്തോടെയുള്ള ജയമാണ് വിലയിരുത്തിയിട്ടുള്ളതും. എന്നാൽ അവസാനനിമിഷം ന്യൂനപക്ഷവോട്ടുകൾ മറിഞ്ഞത് എങ്ങോട്ടാണെന്നതിലുള്ള ശങ്കയാണ് അലട്ടുന്നത്.

കോട്ടയത്ത് കെ.എം. മാണിയുടെ വേർപാടിനെ തുടർന്നുണ്ടായ സഹതാപ തരംഗത്തെ മറികടന്നും സി.പി.എമ്മിലെ വാസവന് കടന്നുകൂടാനാകുമെന്ന് അവിടത്തെ ജില്ലാകമ്മിറ്റി വിലയിരുത്തിയത്, മുൻ എം.എൽ.എ, നിലവിലെ പാർട്ടി ജില്ലാ സെക്രട്ടറി എന്നീ നിലകളിലുള്ള വാസവന്റെ ജനപിന്തുണ അനുകൂല ഘടകമാകുമെന്ന പ്രതീക്ഷയിലാണ്. ചാലക്കുടിയിൽ കടുത്ത മത്സരത്തിനൊടുവിൽ അവസാനമായപ്പോൾ ഇന്നസെന്റ് മുന്നിലെത്തിയെന്ന് വിലയിരുത്തുന്ന സി.പി.എം, തൃശൂരിൽ സുരേഷ്ഗോപിയുടെ വരവോടെ യു.ഡി.എഫിന് ക്ഷീണമായെന്നും കണക്കുകൂട്ടുന്നു.