രാഷ്ട്രീയ രംഗത്തേക്കുള്ള കള്ളപ്പണ പ്രവാഹത്തിന് അറുതിവരുത്തുക, രാഷ്ട്രീയ കക്ഷികളുടെ ഫണ്ട് സമാഹരണ പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെ മോദി സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി ഇപ്പോൾ സുപ്രീംകോടതിയുടെ പരിശോധനയിലാണ്. ഇപ്പോൾ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനിടയിൽ ഈ പദ്ധതിയുടെ മോശം വശങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് അതിന്റെ നടത്തിപ്പ് മരവിപ്പിക്കണമെന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടനയുടെ അപേക്ഷ അംഗീകരിച്ചില്ലെങ്കിലും, ഇടക്കാല ഉത്തരവായി രാഷ്ട്രീയ പാർട്ടികൾക്ക് ചില ആജ്ഞകൾ നൽകാൻ പരമോന്നത കോടതി തയാറായി.
രാജ്യത്തെ പൗരന്മാർക്കും, ഇന്നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും അവർക്ക് താത്പര്യമുള്ള രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാനുള്ള ഒരു ഉപകരണമായിട്ടാണ് ഇലക്ടറൽ ബോണ്ടുകൾ വിഭാവന ചെയ്തിട്ടുള്ളത്. ആയിരം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള അഞ്ച് മൂല്യങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള ഈ ബോണ്ടുകൾ എത്ര തുകയ്ക്ക് വേണമെങ്കിലും വാങ്ങി, തങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകാവുന്നതാണ്. (ഇത്തരം തുകകൾക്ക് വരുമാന നികുതിയിളവും നൽകിയിട്ടുണ്ട്.) ബോണ്ട് വില്പനയുടെ ചുമതല ഏല്പിച്ചിട്ടുള്ളത് സ്റ്റേറ്റ് ബാങ്കിനെയാണ്. സംഭാവനയായി ബോണ്ട് ലഭിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് സംഖ്യ നൽകാനുള്ള ചുമതലയും സ്റ്റേറ്റ് ബാങ്കിന് തന്നെയാണ്. എന്നാൽ, ബോണ്ട് വാങ്ങലും, തുക നൽകലും വ്യവസ്ഥാപിതമായ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ നടത്താനാവൂ. ഇക്കാരണം കൊണ്ടുതന്നെ ബോണ്ടിലൂടെ രാഷ്ട്രീയ കക്ഷികൾക്ക് വന്നുചേരുന്ന പണമെല്ലാം വെള്ളപ്പണമായിരിക്കും. അതായത്, തിരഞ്ഞെടുപ്പിലും മറ്റും വൻതോതിൽ ഒഴുകി എത്തിക്കൊണ്ടിരുന്ന കള്ളപ്പണത്തിന്റെ തോത് നല്ലൊരു പരിധി വരെ നിയന്ത്രിക്കാൻ ഇലക്ടറൽ ബോണ്ട് സംവിധാനത്തിന് കഴിയും. 2018-ലെ ആറ് മാസങ്ങളിൽ 1,056 കോടി രൂപയുടെ ബോണ്ടുകൾ വിറ്റഴിഞ്ഞെങ്കിൽ, 2019 ജനുവരി - മാർച്ച് കാലഘട്ടത്തിൽ ഇതിലൂടെ സമാഹരിക്കപ്പെട്ടത് 1,716 കോടി രൂപയാകുന്നു. ഇത് സൂചിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് സമാഹരണത്തിലെ നല്ലൊരു ഭാഗം വൃത്തിയുള്ള മാർഗത്തിലൂടെയാക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞുവെന്നതാണ്.
കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യം നേടിയെടുക്കാൻ ഇലക്ടറൽ ബോണ്ട് പദ്ധതിക്ക് കഴിയുമെങ്കിലും, രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് ശേഖരണം സുതാര്യമാക്കുമെന്ന വാഗ്ദാനം പൂർണമായി നിറവേറ്റാൻ കഴിയാത്ത വിധമാണ് ഈ സ്കീമിന്റെ മറ്റ് വ്യവസ്ഥകൾ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്. ബോണ്ടുകൾ വാങ്ങുന്നവരുടെ പേര് വിവരങ്ങളും, അതിനായി മുടക്കുന്ന തുകയും, ബോണ്ടുകൾ സംഭാവനയായി നൽകുന്ന രാഷ്ട്രീയ കക്ഷികളുടെ പേരുമൊക്കെ പരമരഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥ വലിയ ന്യൂനതയാകുന്നു. സുതാര്യതയെന്ന മഹത്തായ ലക്ഷ്യത്തിന് കളങ്കം ചാർത്തുന്ന ഇത്തരമൊരു വകുപ്പ് ഉൾപ്പെടുത്തിയതിന് സർക്കാർ ബോധിപ്പിക്കുന്ന ന്യായീകരണങ്ങൾ വിചിത്രമാകുന്നു. രാഷ്ട്രീയ കക്ഷികൾക്ക് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി സർക്കാർ ധനസഹായം നൽകുന്ന ഏർപ്പാട് ഇന്ത്യയിൽ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് വേണ്ടിവരുന്ന ഫണ്ട് വ്യക്തികളിൽ നിന്നും, കമ്പനികളിൽ നിന്നുമാണ് സമാഹരിച്ച് പോരുന്നത്. സംഭാവന നൽകുന്നവരെല്ലാം തന്നെ ആഗ്രഹിക്കുന്നത് തങ്ങളുടെ കക്ഷികൾ തിരഞ്ഞെടുപ്പിൽ ജയിച്ചു കയറണമെന്നാണ്; പക്ഷേ ഇഷ്ടപ്പെട്ട പാർട്ടിയല്ല ജയിച്ചുവരുന്നതെങ്കിൽ, അധികാരത്തിലേറുന്ന പാർട്ടിയുടെ ഭാഗത്തു നിന്നുള്ള പകപോക്കൽ തങ്ങൾക്ക് നേരിടേണ്ടി വരുമെന്ന ഭയം അവരെ അലട്ടും. ഇത്തരം ആശങ്കകൾ സംഭാവനയായി ലഭിക്കുന്ന ഫണ്ടിന്റെ വലിപ്പത്തെ പ്രതികൂലമായി ബാധിക്കും. സംഭാവന നൽകുന്നവർക്ക് ഇത്തരം പേടികൂടാതെ ഇഷ്ടപ്പെട്ട പാർട്ടിക്ക് പണമെത്തിക്കാനാണ് ആര്, ആർക്ക്, എത്ര തുക നൽകിയെന്ന വിവരങ്ങൾ ഗോപ്യമായി സൂക്ഷിക്കാനുള്ള വ്യവസ്ഥ കൊണ്ടുവന്നത്. ഇങ്ങനെ പോകുന്നു സർക്കാരിന്റെ വാദമുഖങ്ങൾ. പക്ഷേ, മേല്പറഞ്ഞ വിവരങ്ങൾ കൂടി അറിഞ്ഞാലല്ലേ വോട്ടർമാർക്ക് തങ്ങളുടെ മുന്നിലുള്ള സ്ഥാനാർത്ഥികളുടെ പൂർണ രൂപം ലഭിക്കുകയുള്ളൂ എന്ന ചോദ്യം അപ്പോഴും പ്രസക്തമായി നിലകൊള്ളുന്നു. തീർച്ചയായും രാജ്യത്തെ പ്രജകൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണിവ. ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണ ആയിട്ടാണോ ബോണ്ട് വഴിയുള്ള സംഭാവന എത്തിയതെന്ന കാര്യവും, കാര്യസാദ്ധ്യത്തിനുള്ള മുൻകൂർ പ്രലോഭനമായിട്ടാണോ സംഭാവന നൽകുന്നതെന്നതുമൊക്കെ പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാകുന്നു. പക്ഷേ, ഈ അന്വേഷണത്തിന് മേൽ വിവരിച്ച അറിവുകൾ അനിവാര്യമാകുന്നു. അതുകൊണ്ടുതന്നെ ആര്, ആർക്ക്, എത്ര എന്നിങ്ങനെയുള്ള വസ്തുതകൾ മറച്ചുവയ്ക്കുന്നത് അഴിമതി ഉയർത്താനും, അതുവഴി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് കോട്ടം വരുത്താനുമേ ഉപകരിക്കുകയുള്ളൂ. സർക്കാർ നിലപാടിന് വ്യത്യസ്തമായി, ഇന്ത്യയുടെ ഇലക്ഷൻ കമ്മിഷനും ഇലക്ടറൽ ബോണ്ട് പദ്ധതിയിലെ രഹസ്യ വകുപ്പുകൾ നീക്കം ചെയ്യണമെന്നുള്ള ആവശ്യമാണ് കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളതെന്ന കാര്യവും ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാകുന്നു.
ഇലക്ടറൽ ബോണ്ട് വഴി ലഭിക്കുന്ന സംഖ്യയുടെ സിംഹഭാഗവും ഭരണകക്ഷിയിലേക്ക് ഒഴുകുകയാണെന്നതും വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്; അധികാരത്തിന്റെ ഉയർന്ന നിലത്തേക്കാണ് പണത്തിന്റെ ഒഴുക്ക്. രാഷ്ട്രീയ കക്ഷികൾ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ വിവരാവകാശ നിയമം വഴി നേടിയ ഹർജിക്കാർ കണക്കുകളുടെ അകമ്പടിയോടെ ബോണ്ട് പദ്ധതി, ഭരണപക്ഷത്തേക്ക് വൻതോതിൽ ചായ്വ് പ്രകടിപ്പിക്കുന്ന വസ്തുത തെളിയിക്കുന്നുണ്ട്. രാജ്യത്തെ മുഖ്യ പ്രതിപക്ഷവും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇലക്ടറൽ ബോണ്ട് വഴി കൂടുതൽ സംഭാവനകൾ ഉറപ്പാക്കണമെന്ന വ്യഗ്രതയിൽ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയും കടുത്ത വിമർശനമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ഭേദഗതി പ്രകാരം ഇന്ത്യൻ കമ്പനികളിൽ കാര്യമായ നിക്ഷേപമുള്ള വിദേശ കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരിക്കുന്നു. പക്ഷേ ഈ മാർഗം നമ്മുടെ രാജ്യത്തെ ജനാധിപത്യ ക്രമത്തെത്തന്നെ വിദേശ കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാക്കുന്നതിന് കാരണമായേക്കാം. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുന്ന നിയമ ഭേദഗതി ആശങ്ക ഉയർത്തുന്നത് സ്വാഭാവികം.
അമേരിക്കയിലെ തിരഞ്ഞെടുപ്പുകളിൽ കമ്പനികളും മറ്റും രാഷ്ട്രീയ കക്ഷികൾക്ക് നൽകുന്ന സംഭാവനകളുടെ വിവരങ്ങൾ ആ രാജ്യത്തെ ഇലക്ഷൻ കമ്മിഷനിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കാര്യമായ സംഭാവന നൽകിയ 320 ലക്ഷം ദാതാക്കളുടെ രേഖകൾ കമ്മിഷൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എന്തായാലും, ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ സുപ്രീംകോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഇടക്കാല ഉത്തരവ് ഫണ്ടിംഗിലെ സുതാര്യത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഇലക്ടറൽ ബോണ്ട് വഴി സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ അതിന്റെ വിശദ വിവരങ്ങളെല്ലാം തന്നെ മുദ്രവച്ച കവറിലാക്കി ഇലക്ഷൻ കമ്മിഷന് മേയ് മുപ്പതിനകം സമർപ്പിക്കേണ്ടതാണെന്ന ആജ്ഞയാണ് നൽകിയിരിക്കുന്നത്.
ചുരുക്കത്തിൽ, ഇലക്ടറൽ ബോണ്ടെന്ന ആശയം ഗംഭീരമാണെങ്കിലും, ഈ പദ്ധതിയുടെ വിശദാംശങ്ങളിൽ പതിയിരിക്കുന്ന ചെകുത്താനെക്കുറിച്ച് നാം ജാഗരൂകരാകേണ്ടതുണ്ട്.