വെഞ്ഞാറമൂട്: പിരപ്പൻകോട് അന്താരാഷ്ട നീന്തൽകുളത്തിലാണ് മതിയായ ലൈഫ്ഗാർഡ് ഇല്ലാതെ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി നീന്തൽ പരീശീലനം നടത്തുന്നത്. രാവിലെയും, വൈകിട്ടുമായി വിവിധ ബാച്ചിൽ മുന്നൂറിൽ അധികം പേരാണ് പരീശീലനത്തിനായി എത്തുന്നത്. ട്രെയിനീസിനെ കൂടാതെ നീന്തൽ പഠനവും നടക്കുന്നുണ്ട്. ദിനംപ്രതി എഴുനൂറോളം ആളുകൾ ഈ നീന്തൽകുളം ഉപയോഗിക്കുന്നുണ്ട്.
ഇതിന് പുറമേ വേനലവധി ആയതിനാൽ രാവിലെ നൂറ്റി അൻപത് കുട്ടികളെ രണ്ട് ബാച്ചായി സമ്മർ കോച്ചിംഗ് സ്കീമിൽ നീന്തൽ പരിശീലിപ്പിക്കുന്നു. വൈകിട്ടും രണ്ട് ബാച്ച് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നുണ്ട്. ഇത്രയും കുട്ടികളെയും മുതിർന്നവരെയും ലൈഫ് സേവ് ചെയ്യുന്നതിന് രണ്ട് ലൈഫ് ഗാർഡ് മാത്രമാണുള്ളത്.
ഇവിടെ സ്പോർസ് കൗൺസിൽ നാല് ലൈഫ് ഗാർഡുകളെ രണ്ട് ഷിഫ്റ്റുകളിലായി നിയമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇവിടെ നീന്തൽ പരിശീലനത്തിന് എത്തിയ തേക്കട സ്വദേശി മുങ്ങി മരിക്കുകയുണ്ടായി. തുടർന്ന് സ്പോർസ് കൗൺസിൽ നടത്തിയ അന്വേഷണത്തിൽ ലൈഫ് ഗാർഡിന്റെ വീഴ്ചയാണെന്ന് കണ്ടെത്തി രണ്ട് പേരെയും പൂൾ അഡ്മിനിസ്റ്റേറ്ററെയും ഫിൽട്ടറേഷൻ സ്റ്റാഫുകളെയും സസ്പെന്റ് ചെയ്യുകയായിരുന്നു. എന്നാൽ പകരം നിയമനം നടത്താൻ സ്പോർസ് കൗൺസിൽ നടപടി സ്വീകരിച്ചിട്ടില്ല. 8 ലൈഫ് ഗാർഡുകളെങ്കിലും വേണ്ടിടത്താണ് 2 പേരെ വച്ച് നീന്തൽ പഠിക്കാൻ വരുന്ന കുട്ടികളുടെ ജീവൻ പന്താടുന്നത്. ഇവിടെ ആവശ്യത്തിന് ജീവനെക്കാരെ നിയമിച്ച് നീന്തൽ പഠിക്കാൻ വരുന്നവരുടെ ജീവന് സംരക്ഷണം നല്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.