മുംബയ്: മകൻ സണ്ണി ഡിയോൾ രാഷ്ട്രീയത്തിൽ എത്തിയിട്ട് ഒരാഴ്‌ച പിന്നിട്ടു, ഇപ്പോഴാണ് പ്രതികരണവുമായി അച്ഛൻ ധർമേന്ദ്ര വരുന്നത്. ഭാര്യ ഹേമമാലിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം ആയിരുന്നത് കൊണ്ടാവാം താമസിച്ചത്. ഏതായാലും മഥുരയിൽ വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് സണ്ണിയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ് ധർമേന്ദ്ര. രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും രാഷ്ട്രീയത്തിന്റെ എ.ബി.സി എന്താണെന്ന് തങ്ങളുടെ കുടുംബത്തിനറിയില്ലെന്നാണ് ധർമേന്ദ്ര പറയുന്നത്. എന്നാൽ, ദേശസ്നേഹം തങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്.
ഞാൻ ബിക്കാനീറിൽ ചെയ്ത കാര്യങ്ങൾ നോക്കൂ. അതുപോലെ തന്നെ സണ്ണിയും രാജ്യത്തിനു വേണ്ടി പ്രവർത്തിക്കും. ഒരു ദേശീയ മാദ്ധ്യമത്തോട് 83 കാരനായ ധർമേന്ദ്ര പ്രതികരിച്ചു. 2004 ലാണ് ബി.ജെ.പി ടിക്കറ്റിൽ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നും ധർമേന്ദ്ര ലോക്‌സഭയിലെത്തിയത്. പഞ്ചാബിലെ ഗുരുദാസ്‌പൂരിൽ മത്സരിക്കുന്ന മകൻ സണ്ണി ഡിയോളിനും അച്ഛന്റെ അഭിപ്രായം തന്നെയാണുള്ളത്. രാഷ്ട്രീയത്തിൽ വലിയ അറിവില്ലെങ്കിലും താനൊരു ദേശസ്നേഹിയാണെണ് സണ്ണി കഴിഞ്ഞദിവസം തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പറഞ്ഞിരുന്നു.
സണ്ണിയുടെ രണ്ടാനമ്മയും നടിയുമായ ഹേമമാലിനിയും ഇത്തവണ മത്സരിക്കുന്നുണ്ട്. തന്റെ അച്ഛൻ അടൽ ബിഹാരി വാജ്പേയ്ക്കൊപ്പം നിന്നപോലെ നരേന്ദ്ര മോദിയ്ക്കൊപ്പം നിൽക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി ഇനിയും പ്രധാനമന്ത്രിയാകണമെന്നും സണ്ണി ഡിയോൾ പറഞ്ഞിരുന്നു. അതേസമയം സണ്ണി ഡിയോളിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വിവാദങ്ങളും നിലനിൽക്കുകയാണ്. ഗുരുദാസ്‌പൂർ എം.പിയായിരുന്ന അന്തരിച്ച നടൻ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന സീറ്റ് കിട്ടാത്തതിൽ പരസ്യമായി പ്രതിക്ഷേധം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മേയ് 19 നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുക.