spy-whale

ലണ്ടൻ : റഷ്യ ചാരപ്രവർത്തനത്തിന് ഉപയോഗിച്ച തിമിംഗലത്തെ പിടിച്ചെടുത്തതായി നോർവെയുടെ അവകാശവാദം. റഷ്യൻ നാവിക സേനയുടെ പരിശീലനം സിദ്ധിച്ച ബെലൂഗ തിമിംഗലത്തെയാണ് നോർവെ കസ്റ്റഡിയിൽ എടുത്തത്. റഷ്യൻ സൈന്യത്തിലെ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാൺ അണിഞ്ഞിരുന്ന തിമിംഗലത്തെയാണ് നോർവെ കസ്റ്റഡിലിയെടുത്തത്. റഷ്യയ്ക്ക് തൊട്ടടുത്തുള്ള നോർവെയിലെ ഇൻഗോയ ദ്വീപിന് സമീപം നിരന്തരം ബെലൂഗ തിമിംഗല സംഘം വന്നുപോകുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പതിവില്ലാതെ മത്സ്യബന്ധന ബോട്ടിന് പിന്നാലെ കൂടിയ തിമിംഗലത്തെ തൊഴിലാളികൾ പ്രത്യേകം നിരീക്ഷിച്ചു. അപ്പോഴാണ് തിമിംഗലത്തിന്റെ കടിഞ്ഞാണിൽ സെന്റ് പീറ്റേഴ്സ് ബർഗിന്റെ ലേബലിലുള്ള പിടിപ്പിച്ചിരുന്ന പ്രത്യേകതരം കാമറ കണ്ടെത്തിയത്.ഇതോടെ നിരീക്ഷണം കൂടുതൽ ശക്തമാക്കി. തിമിംഗലത്തെ പിടികൂടിയ മത്സ്യത്തൊഴിലാളികൾ കാമറ പിന്നീട് നീക്കംചെയ്തു. ഇതിൽ ദൃശ്യങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത് കാമറ അല്ലെന്നും കാമറ ഘടിപ്പിക്കാനുള്ള ഹോൾഡ് മാത്രമായിരുന്നു എന്നും റിപ്പോർട്ട്. വാർത്ത നിഷേധിക്കാനോ അനുകൂലിക്കാനോ ഇതുവരെ റഷ്യ തയ്യാറായില്ല. റഷ്യൻ സൈന്യം ബെലൂഗ തിമിംഗലങ്ങളെ പരിശീലനം നൽകി നിരന്തരം അയൽരാജ്യങ്ങളിലേക്ക് രഹസ്യംചോർത്താൻ അയയ്ക്കുന്നു എന്നാണ് റിപ്പോർട്ട്.