dd

നെയ്യാറ്റിൻകര: ചവർ കത്തിക്കുന്നത് നിയന്ത്രിച്ചതും മാലിന്യനീക്കം നിലച്ചതും നെയ്യാറ്റിൻകരയെ മാലിന്യ നിക്ഷേപകേന്ദ്രമാക്കി മാറ്റുന്നതായി പരാതി. ദേശീയ പാതയ്ക്കരികിൽ നിന്നും നീക്കം ചെയ്തിരുന്ന ചവർ ഇടറോഡുകളിലേക്ക് മാറ്റി അവിടെ നിന്നും മൂന്ന് ദിവസത്തിലൊരിക്കൽ മാറ്റുകയായിരുന്നു പതിവ്. ഇപ്പോഴത് പൂർണമായും നിലച്ചിരിക്കുകയാണ്. പാതയോരത്ത് ചവർകൂന കത്തിക്കുന്നത് നിയന്ത്രിച്ചതോടെയാണ് ചവർ നീക്കം പാടെ നിലച്ചത്. വേനൽ മഴ തുടങ്ങിയതോടെ മത്സ്യ – മാംസ അവശിഷ്ടങ്ങളടങ്ങിയ ചവർ റോഡരികിൽ കിടന്ന് ചീഞ്ഞു തുടങ്ങി. മഴയിൽ കുതിർന്ന് റോഡിലേക്ക് ഒലിച്ചിറങ്ങിയ മാലിന്യത്തിൽ നിന്നും ഉയരുന്ന ദുർഗന്ധം യാത്രക്കാരെയും സമീപവാസികളേയും ദുരിതത്തിലാക്കിയിരിക്കുകയാണ്. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായതായി നാട്ടുകാർ പറയുന്നു.

വേസ്റ്റ് ബിൻ സ്ഥാപിച്ചാൽ ഒരു പരിധി വരെ മാലിന്യപ്രശ്നം പരിഹരിക്കാമെങ്കിലും അവയിൽ നിന്നും ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കാൻ ഇടമില്ലാത്തത് കാരണം അത്തരം നടപടികളിൽ നിന്നും നഗരസഭ പിൻവാങ്ങിയിരിക്കുകയാണ്. മലിനജലം കെട്ടിക്കിടക്കുന്ന ഓടകളിൽ കൊതുകും ഈച്ചയും മുട്ടയിട്ട് പെരുകി ടൗൺവാസികളിൽ പലരും രോഗബാധിതരായി കഴിഞ്ഞു. മാലിന്യത്തിൽ ഈച്ച പെറ്റുപെരുകുന്നത് കാരണം സമീപത്തെ ഹോട്ടലുകളിലും ചെറുകിട ബേക്കറികളിലുമെല്ലാം ഈച്ചമയമാണ്. എലിയുടെ ശല്യവും ക്രമാതീതമായി വർദ്ധിച്ചു. നെയ്യാറ്റിൻകര ജില്ലാ ആശുപത്രി പരിസരത്താണ് ഏറ്റവും കൂടുതൽ എലികൾ കാണപ്പെടുന്നത്.എന്നിട്ടും ഇതിനെതിര പ്രതികരിക്കാൻ കൗൺസിലിലെ പ്രതിപക്ഷമോ റസിഡന്റ്സ് അസോസിയേഷൻ കേന്ദ്ര സംഘടനാ ഭാരവാഹികളോ തയാറാകുന്നില്ലെന്നാണ് നഗരവാസികളുടെ പരാതി. മാലിന്യ പ്രശ്നം പല തവണ നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതാണെന്നും നിഷേധ നിലപാടാണ് അധികൃതരിൽ നിന്നും ഉണ്ടാകുന്നതെന്നും നഗരസഭാ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ഉപനേതാവ് ഗ്രാമം പ്രവീണും, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചന്തല സുരേഷും ആരോപിക്കുന്നു.