wedding

ന്യൂഡൽഹി: വളരെ പെട്ടെന്ന് പ്രചാരത്തിലായ ഒരു വീഡിയോ ഗെയിമാണ് പബ്ജി. ഊണും ഉറക്കവുമില്ലാതെ പബ്ജി കളിക്കാനും യുവതലമുറയ്ക്ക് മടിയേ ഇല്ല. ആണും പെണ്ണുമൊക്കെ ഇക്കാര്യത്തിൽ കണക്കുതന്നെ. ഗെയിമിനോടുള്ള അമിതമായ ആസക്തി മൂലം വിവാഹ പന്തലിൽ കല്യാണ പെണ്ണിന് തൊട്ടുടുത്തിരുന്ന പബ്ജി കളിക്കുന്ന യുവാവിന്റെ വീഡിയോ ഇന്റർ നെറ്റിൽ തകർത്തോടുകയാണ്. ചുറ്റുംനടക്കുന്നതൊന്നും ശ്രദ്ധിക്കാതെ കളിയിൽ മുഴുകിയിരിക്കുന്ന യുവാവിനെ കാണുന്നവരുടെ കണ്ണുതള്ളും. ഉത്തരേന്ത്യക്കാരനായ യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. വിവാഹ പന്തലിൽ വധുവിനെ സാക്ഷിയാക്കിയാണ് വരൻ പബ്ജി കളിച്ചത്. വധൂവരന്മാരെ അനുഗ്രഹിക്കാൻ ഇടയ്ക്ക് സമ്മാനങ്ങളുമായി അതിഥികൾ എത്തുന്നുണ്ടെങ്കിലും അവരെ വരൻ ഗൗനിക്കുന്നില്ല. ചിലർ സമ്മാനങ്ങൾ വരന്റെ കൈയിൽ ഏൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാൾ കൈതട്ടി മാറ്റുന്നതും വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ട് അന്തംവിട്ടിരിക്കുകയാണ് വധു. വരനെ കൊന്ന് കൊലവിളിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ലക്ഷക്കണക്കിനുപേരാണ് വീഡിയോ ഇതിനകം കണ്ടത്. അതേസമയം വീഡിയോ യഥാർത്ഥമല്ല എന്നുപറഞ്ഞുകൊണ്ട് ചിലർ രംഗത്തെത്തിയിട്ടുണ്ട്. ടിക്ടോക്കിനുവേണ്ടി എടുത്തതാണ് വീഡിയോ എന്നാണ് ചിലർ പറയുന്നത്.