ss

നെയ്യാറ്റിൻകര: നവജാതശിശു നിരീക്ഷണത്തിനുള്ള നീയോനറ്റോളജി സംവിധാനം (ശലഭം) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. നിലവിൽ എസ്.എ.ടി ആശുപത്രിയിൽ മാത്രമാണിതുള്ളത്. ജില്ലയിലെ രണ്ടാമത്തെ നവജാതശിശു നിരീക്ഷണകേന്ദ്രമാണിത്. അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ലേബർറൂം. മൂന്നാം നിലയിലാണ് ‘ശലഭം’ നവജാതശിശു നിരീക്ഷണകേന്ദ്രം. കുഞ്ഞ് ജനിച്ചയുടനെ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. ഇവിടെ സ്ഥാപിച്ചിട്ടുള്ള വിവിധ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജന്മനായുള്ള രോഗങ്ങൾ കണ്ടെത്തുക. ഹൃദയ വൈകല്യം, കേൾവി, ജനിതക വൈകല്യം, ജനന സമയത്തെ വൈകല്യം എന്നിവ സൗജന്യമായി നടത്താം. ഇത് മൂലം നേരത്തെ ചികിത്സ ആരംഭിക്കാനും വൈകല്യം കുറയ്ക്കാനും സഹായിക്കുന്നു. എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. ഇപ്പോൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒരു മാസം ശരാശരി 60 പ്രസവങ്ങളാണ് നടക്കുന്നത്. ഇവിടെ ജനിക്കുന്ന നവജാത ശിശുക്കളെയാണ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ച് പരിശോധിക്കുന്നത്. ജന്മനായുണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തിയാൽ ഉടനെ ചികിത്സ ആരംഭിക്കാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യ പറഞ്ഞു. ഇതിലേക്കായുള്ള ഫണ്ട് ആരോഗ്യവകുപ്പിൽ നിന്ന് ലഭ്യമാക്കിയതായി കെ. ആൻസലൻ എം.എൽ.എ പറഞ്ഞു.