ponmudi

വിതുര: മദ്ധ്യവേനലവധിക്കാലം ആരംഭിച്ചതോടെ തുടങ്ങിയ സഞ്ചാരികളുടെ പ്രവാഹം പൊൻമുടിയിൽ ഇപ്പോഴും തുടരുന്നു. പതിവിന് വിപരീതമായി നഗരത്തിലാകെ ചൂടിന്റെ കാഠിന്യം വർദ്ധിച്ചതും കുടുംബസമേതം എത്തുന്നവ‌‌രുടെ എണ്ണം കൂടാൻ കാരണമായി. അതേസമയം പൊന്മുടി മേഖലയിലും ചിലപ്പോൾ അസഹ്യമായ ചൂട് അനുഭവപ്പെടുന്നതിനാൽ മലനിരകളിലെ പുൽമേട് മുഴുവൻ വരണ്ടുണങ്ങി കിടക്കുകയാണ്. ഇടക്കിടക്ക് വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചില ദിവസങ്ങളിൽ ശക്തമായ കോടമഞ്ഞ് വീഴ്ചയുണ്ട്. ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ചൂടിൽ നിന്ന് രക്ഷ നേടാനും, മലനിരകളുടെ സൗന്ദര്യം ആസ്വദിക്കുവാനും മലകയറി എത്തുന്നവർക്ക് കടുത്ത നിരാശയാണ് അധികാരികൾ സമ്മാനിക്കുന്നതെന്ന് പരാതിയുണ്ട്. കൈയിൽ കുപ്പിവെള്ളം കരുതിയില്ലെങ്കിൽ നട്ടം തിരിയുമെന്ന് അനുഭവസ്ഥർ പറയുന്നു. ഭക്ഷണപദാർത്ഥങ്ങൾ ലഭിക്കണമെങ്കിലും ബുദ്ധിമുട്ടാണിവിടെ. വിദേശരാജ്യങ്ങളിൽ നിന്നുവരെ ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന പൊൻമുടിയുടെ ശനിദശയ്ക്ക് പരിഹാരം കാണാൻ ആരും ഇല്ലെന്നാണ് സഞ്ചാരികളുടെ ആക്ഷേപം. അതേസമയം വനംവകുപ്പിന് പാസ് ഇനത്തിൽ വൻ വരുമാനമാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിച്ചിട്ടും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തത് ടൂറിസ്റ്റുകൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കാട്ടാനശല്യം

പൊൻമുടി വനമേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. പകൽസമയത്തുപോലും അപ്പർസാനിറ്റോറിയം മേഖലയിൽ കാട്ടാനകളുടെ സാന്നിദ്ധ്യം ഉണ്ട്. കല്ലാർ ഗോൾഡൻവാലി മുതൽ പൊൻമുടി വരെയുള്ള യാത്ര മദ്ധ്യേ കാട്ടാനകളും, കാട്ടുപോത്തും പന്നിയും മറ്റും റോഡരികിലൂടെ പായുന്നത് സഞ്ചാരികൾക്ക് കൗതുകകാഴ്ചയായി മാറി. രാത്രിയിൽ റോഡിലിറങ്ങി കിടക്കുന്ന ആനകൾ രാവിലെ ബസുകൾ എത്തുമ്പോൾ മാർഗതടസം സൃഷ്ടിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. കഴിഞ്ഞ മാസം പൊൻമുടി വനമേഖലയിൽ ഒരാളെ കാട്ടാന കുത്തി കൊന്നിരുന്നു. വനത്തിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതരുടെ നിർദ്ദേശമുണ്ട്..

സഞ്ചാരികൾ സൂക്ഷിക്കണം

വൈകിട്ട് ആറ് വരെയാണ് സഞ്ചാരികൾക്ക് സന്ദർശനം അനുവദിച്ചിരിക്കുന്നതെങ്കിലും ഇപ്പോൾ ഉച്ച തിരിഞ്ഞ് പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴയോ കാറ്റോ എത്തിയാൽ ഉടൻ പൊൻമുടി വിടണമെന്നും വനമേഖലയിൽ സന്ദർശനം ഒഴിവാക്കണമെന്നും ടൂറിസം വകുപ്പ് അറിയിച്ചു.