തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പൊലീസ് അസോസിയേഷൻ നേതാക്കൾ പോസ്റ്റ് ചെയ്‌ത ശബ്‌ദസന്ദേശം പുറത്തായി. പൊലീസുകാരുടെ തപാൽ ബാലറ്റ് ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിക്കുന്നത് ക്രമക്കേടിനു വഴിയൊരുക്കുമെന്നാണ് ആക്ഷേപം.
പോസ്റ്റൽ വോട്ടു ചെയ്യുന്ന മുഴുവൻ പൊലീസുകാരുടെയും വിവരം ശേഖരിക്കാൻ നേരത്തേ ഇറക്കിയ ഉത്തരവിനെതിരെ കോൺഗ്രസ് പരാതി നൽകിയെങ്കിലും ഡി.ജി.പി തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് സി.ഐ റാങ്കിലെ ഉദ്യോഗസ്ഥൻ ബാലറ്റുകൾ കൈമാറണമെന്ന് ആവശ്യപ്പെടുന്ന ശബ്‌ദസന്ദേശം പുറത്തായത്. അസോസിയേഷന്റെ സമ്മർദ്ദം കൊണ്ടാണ് ബാലറ്റുകൾ ആവശ്യപ്പെടുന്നതെന്നും സന്ദേശത്തിലുണ്ട്. അതേസമയം,
പൊലീസുകാരുടെ തപാൽ ബാലറ്റിൽ അസോസിയേഷൻ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
കള്ളവോട്ട് ആരോപണം ശക്തമായതിനു പിന്നാലെയാണ് പോസ്റ്റൽ വോട്ടിലെ ക്രമക്കേടും തലപൊക്കിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയവരുടെ പോസ്റ്റൽ ബാലറ്റ് കൈക്കലാക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ഇവരുടെ തപാൽ ബാലറ്റുകൾ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കള്ളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി.
വീട്ടിലെ വിലാസത്തിലാണ് പോസ്റ്റൽ ബാലറ്റിന് സാധാരണയായി അപേക്ഷിക്കുന്നത്. എന്നാൽ ഓരോ ബറ്റാലിയനിലും രൂപീകരിച്ചിട്ടുള്ള ഇലക്‌ഷൻ സെല്ലിലെ പൊലീസുകാർ അതു വെട്ടിത്തിരുത്തി ബറ്റാലിയൻ വിലാസത്തിലാക്കി അപേക്ഷ നൽകുന്നതായാണ് പരാതി. തിരഞ്ഞെടുപ്പു ജോലിക്കു പോകുന്ന പൊലീസുകാരെ സമ്മർദ്ദം ചെലുത്തി അസോസിയേഷൻ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയയ്‌ക്കാൻ ആവശ്യപ്പെടുകയാണത്രേ. സംശയം തോന്നാതിരിക്കാൻ എല്ലാ തപാൽ ബാലറ്റുകളും അയയ്‌ക്കാൻ ഒരു വിലാസമല്ല നൽകുക, ഇടത് അനുകൂല പൊലീസ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലേക്കും നിരവധി തപാൽ ബാലറ്റുകൾ എത്തുന്നുണ്ട്.
പൊലീസ് മേധാവി പോസ്റ്റൽ വോട്ടിനെക്കുറിച്ച് ഇറക്കിയ മാർഗനിർദേശങ്ങളിൽ അസോസിയേഷൻ ഇടപെടൽ അംഗീകരിച്ചിട്ടില്ല. വോട്ടു ചെയ്‌ത ബാലറ്റ് പേപ്പറുകൾ വാങ്ങുകയോ തുടർനടപടിക്കായി ഇടപെടുകയോ ചെയ്യരുതെന്നും വോട്ടർ നേരിട്ട് റിട്ടേണിംഗ് ഓഫിസർക്കു കൈമാറണമെന്നുമാണ് മാർഗനിർദ്ദേശത്തിലുള്ളത്. വോട്ട് രേഖപ്പെടുത്തും മുൻപ് ബാലറ്റുകൾ വാങ്ങിയാൽ കള്ളവോട്ടിനും, രേഖപ്പെടുത്തിയ ശേഷമാണങ്കിൽ തുറന്നു നോക്കി എതിർപാർട്ടിക്കുള്ള വോട്ട് അസാധുവാക്കാനും സാധിക്കുമെന്നാണ് പൊലീസുകാരുടെ പരാതി. വോട്ടെണ്ണൽ ദിനം രാവിലെ വരെ പോസ്റ്റൽ വോട്ടിന് സമയമുള്ളതിനാൽ ബാലറ്റുകൾ ശേഖരിക്കുന്നത് തുടരുകയാണ്.
'തപാൽ വോട്ടുകളിൽ ഇടപെടരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ക്റമക്കേട് കണ്ടെത്തിയാൽ നടപടിയുണ്ടാകും.
ലോക്‌നാഥ് ബെഹ്‌റ
പൊലീസ് മേധാവി