teekaram-meena

തിരുവനന്തപുരം: കള്ളവോട്ട് സംബന്ധിച്ച് എത്തുന്ന എല്ലാ പരാതികളും ശരിയാണെന്ന് അഭിപ്രായമില്ലെങ്കിലും ഇത് ഗുരുതരമായ സാഹചര്യമാണെന്നും ഗൗരവമായി കാണുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ പ്രതികരിച്ചു. എല്ലാ പരാതികളും അന്വേഷിക്കും. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികളെടുക്കും.കള്ളവോട്ടിന് പിടിക്കെട്ട ചെറുതാഴം പഞ്ചായത്തിലെ സി.പി.എം. അംഗം എം.വി. സലീന സ്ഥാനമൊഴിയണമെന്ന നിർദ്ദേശം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.

സലീനയ്ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാണ്. ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ അതിന്റെ ധാർമ്മികതയും അന്തസും പാലിക്കണം. കള്ളവോട്ട് കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടും പദവിയിൽ തുടരുന്നത് ജനാധിപത്യത്തിൽ യോജിച്ചതല്ല. താൻ അമിതാവേശം കാട്ടിയെന്നും പക്ഷപാതത്തോടെ പെരുമാറുന്നുവെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളുന്നതായും മീണ പറഞ്ഞു.

താൻ സ്വന്തമായി ഒരു കേസും കണ്ടെത്തിയില്ല. തെളിവുസഹിതം ഉന്നയിക്കപ്പെട്ട പരാതികൾ പരിശോധിച്ച് നടപടി എടുക്കുകയാണ് ഉണ്ടായത്. പരാതികൾ ആരുന്നയിച്ചാലും പരിഗണിക്കും. തെറ്റ് ആരുടെ ഭാഗത്തായാലും നടപടിയെടുക്കും. പൊലീസ് വകുപ്പിലെ പോസ്റ്റൽ വോട്ടിൽ തിരിമറി നടന്നെന്ന ആരോപണം പരിശോധിച്ചെങ്കിലും തെളിവ് കണ്ടെത്തിയില്ലെന്നും മീണ പറഞ്ഞു.