തിരുവനന്തപുരം: കോർപ്പറേറ്റ് മുതലാളിമാരുടെ കടന്നുകയറ്റത്തെ ചെറുക്കാൻ തൊഴിലാളികളും സംഘടനകളും ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും അത്തരമൊരു സാഹചര്യത്തിലാണ് ഒരു തൊഴിലാളി ദിനം കൂടി കടന്നുപോകുന്നതെന്നും മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച മേയ്ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിത ശക്തി കൊണ്ട് മാത്രമേ തൊഴിലാളികൾക്ക് മുന്നേറാനാകൂ. കോർപ്പറേറ്റുകളുടെ കടന്നുകയറ്റം കാരണം മുതലാളിമാർ വളരുകയും തൊഴിലാളികൾ തളരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. തൊഴിലാളികൾക്ക് കാവലാകേണ്ട ഭരണകൂടം തന്നെ അവരുടെ കാലനാകുന്ന അവസ്ഥയാണിന്ന്. ഇന്ത്യയിലെ തന്നെ വിഭവങ്ങളെ ചൂഷണം ചെയ്താണ് കോർപ്പറേറ്റുകൾ വളർന്നത്. ഭരണത്തിൽ പോലും നിയന്ത്രണവും സ്വാധീനവും ചെലുത്തുന്ന തരത്തിൽ കോർപ്പറേറ്റുകൾ വളർന്നു. തൊഴിലാളികളുടെ സമരം ചെയ്യാനുള്ള ശേഷിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള നയങ്ങളാണ് അവരുടേത്. കോർപ്പറേറ്റുകളെ ചെറുക്കുന്നതിൽ മാദ്ധ്യമങ്ങൾക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്നും മുല്ലക്കര ചൂണ്ടിക്കാട്ടി.
നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി കെ.എസ്.സാബു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ നന്ദിയും രേഖപ്പെടുത്തി. കേരളകൗമുദി അങ്കണത്തിൽ യൂണിയൻ നേതാക്കൾ ചേർന്ന് പതാക ഉയർത്തി.