ഹരിപ്പാട്: പലിശയ്ക്ക് നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിന് വിമുക്തഭടനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടൂരേത്ത് പടീറ്റതിൽ രാജനെയാണ് (75) മൂന്നംഗസംഘം കാറിൽ കയറ്റി കൊണ്ടുപോയി കഴുത്തിൽ ഇലക്ട്രിക് വയറിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം ആൾത്താമസമില്ലാത്ത വീടിന് സമീപം കുഴിച്ചുമൂടിയത്.
പള്ളിപ്പാട് തെക്കേക്കര കിഴക്കുംമുറി അമ്പിയിൽ വീട്ടിൽ ശ്രീകാന്ത് (26), നീണ്ടൂർ കൊണ്ടൂരേത്ത് രാജേഷ് (36), കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
റിമാൻഡിലായ പ്രതികളെ 30നാണ് കസ്റ്റഡിയിൽ വാങ്ങിയത്. വിവിധ ഘട്ടങ്ങളായിട്ടാകും തെളിവെടുപ്പ്. ആദ്യ ഘട്ടമെന്ന നിലയിൽ രാജനെ കാറിൽ കയറ്റി യാത്ര ചെയ്ത വഴികളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. തുടർന്ന് പ്രതികൾ രാജനിൽ നിന്ന് കൈക്കലാക്കിയ രേഖകൾ നശിപ്പിച്ച എൻ.ടി.പി.സി ഗ്രൗണ്ടിന് സമീപം എത്തിച്ചു. പണം കടം നൽകിയത് സംബന്ധിച്ച രേഖകളാണ് നശിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ മൃതദേഹം കുഴിച്ചിട്ട സ്ഥലവും കൃത്യം നടത്തിയ ശേഷം മൃതദേഹവുമായി കാറിൽ പോയ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുത്തു. ഇന്നും തെളിവെടുപ്പ് തുടരും. കൊല നടത്താൻ ഉപയോഗിച്ച തോർത്ത്, വയർ, മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധങ്ങൾ, മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ എന്നിവ കണ്ടെത്താനുണ്ട്.
ഹരിപ്പാട് സി.ഐ ബാബു സെബാസ്റ്റ്യൻ, എസ്.ഐ സ്റ്റെപ്റ്റോ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച കാർ ഫോറൻസിക് വിഭാഗം പരിശോധിച്ചിരുന്നു. രക്തക്കറയും മുടിനാരുകളും കാറിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്താലേ കൊലപാതകത്തിന്റെ ചുരുൾ പൂർണമായി അഴിയുകയുള്ളൂ. കാറിന്റെ മുൻ സീറ്റിലിരുന്ന രാജനെ ക്ലോറോഫോം മണപ്പിച്ച് മയക്കാൻ ശ്രമിച്ചെന്നും ഇത് പരാജയപ്പെട്ടപ്പോൾ വയറും തോർത്തും കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നുമാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. കൂടുതൽ പേർക്ക് സംഭവത്തിൽ ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. വൃദ്ധനാണെങ്കിലും ആരോഗ്യവാനായിരുന്ന രാജൻ രക്ഷപ്പെടാൻ ശ്രമിച്ചിരിക്കാം. എന്നാൽ മൽപ്പിടിത്തത്തിന്റെ ലക്ഷണങ്ങളൊന്നും കാറ് പരിശോധിച്ചപ്പോൾ കണ്ടെത്താനാവാത്തതും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. ക്വട്ടേഷൻ സംഘങ്ങൾക്ക് കൊലപാതകത്തിൽ ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കും. കാറിനുള്ളിൽ നിന്ന് ലഭിച്ചത് മൃതദേഹം കുഴിച്ചിട്ടിടത്തെ മണ്ണാണോയെന്നും സ്ഥിരീകരിക്കണം.