1

നേമം: വികസന മുരടിപ്പിൽ നട്ടം തിരിയുന്ന നേമം താലൂക്കാശുപത്രിക്ക് പുതുജീവൻ നൽകണമെന്ന ജനങ്ങളുടെ മുറവിളിക്ക് പരിഹാരമായില്ല.അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അധികൃതരുടെ കനിവും കാത്ത് കഴിയുകയാണ് ശാന്തിവിളയിൽ പ്രവൃത്തിക്കുന്ന ഈ സർക്കാർ ആശുപത്രി. പേര് താലൂക്കാശുപത്രിയെന്നാണെങ്കിലും പേരിന്റെ നിലവാരമൊന്നുമില്ല.

തിരുവനന്തപുരം നഗരസഭയിലുൾപ്പെട്ടതും പളളിച്ചൽ, കല്ലിയൂർ, ബാലരാമപുരം തുടങ്ങി നിരവധി പഞ്ചായത്തുകൾക്ക് ആശ്രയവുമായ ഈ സർക്കാർ ആശുപത്രിയുടെ വികസനത്തിനു വേണ്ടി സ്ഥലം എം.എൽ.എയടക്കം മുറവിളി നടത്തിയിട്ടും അധികൃതർ മൗനത്തിലാണ്. ആശുപത്രി സമുച്ചയത്തിലെ പ്രധാന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ പണി പൂർത്തീകരിച്ചിട്ട് ഒരു വർഷത്തോളമായി. ദേശീയ ആരോഗ്യമിഷൻ അനുവദിച്ച ഒരുകോടിയിലധികം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ കെട്ടിടം ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. ഇതിന്റെ പേരിൽ നാട്ടുകാരുടെയും രാഷ്ട്രീയകാരുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാൻസിന്റെയും നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ അടുത്തിടെ നടന്നിരുന്നു. എന്നാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അധികൃതർ നാട്ടുകാരുടെ ആവശ്യങ്ങൾ അവഗണിക്കുകയാണ്.

രോഗികൾക്ക് മൂന്നാം നിലയിൽ എത്താനുള്ള ലിഫ്റ്റ് സൗകര്യങ്ങളോ റാമ്പ് സൗകര്യമോ സജ്ജമാക്കാത്തതാണ് പ്രശ്നത്തിന് കാരണം. ലിഫ്റ്റിനു വേണ്ടിയുളള ഫണ്ട് ആരോഗ്യമിഷൻ നേരത്തെ അനുവദിച്ചതായി പറയുന്നു. എന്നാൽ പ്രധാന കെട്ടിടത്തോട് ചേർന്ന് ലിഫ്റ്റ് സ്ഥാപിച്ചാൽ ആംബുലൻസിനും രോഗികളുമായി എത്തുന്ന മറ്റ് വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ കഴിയില്ലെന്ന കാരണത്താൽ കൗൺസിലർമാരും നാട്ടുകാരും തടസം നിൽക്കുന്നു എന്നാണ് ആരോപണം.