crime

ചേർത്തല: പട്ടണക്കാട് പുതിയകാവിൽ 15 മാസം പ്രായമായ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതിന് റിമാൻഡിലായ അമ്മ ആതിരയെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയേക്കും. തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ടെങ്കിലും ജനവികാരം ഭയന്ന് ആതിരയെ കൊല്ലംവെളി കോളനിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടില്ല. കു​റ്റം സമ്മതിച്ച സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെയും തെളിവുകൾ ശേഖരിച്ച ഫോറൻസിക് വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ തേടിയ ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടി.

പെട്ടെന്നുള്ള പ്രകോപനവും കുട്ടിയോട് നിരന്തര ദേഷ്യവുമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ആതിര മൊഴി നൽകിയത്. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ആതിര കുട്ടിയെ സംരക്ഷിക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്ന് ബിസ്കറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഭർത്താവ് ഷാരോൺ മാസങ്ങളോളം വീട്ടിൽ തന്നെ തങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. അടുത്തിടെയാണ് ഇയാൾ അരൂരിലെ ചെമ്മീൻ കമ്പനിയിൽ ജോലിക്ക് പോയിത്തുടങ്ങിയത്. കുട്ടിയെ ശ്രദ്ധിക്കാത്തതിന് ഷാരോൺ ആതിരയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നും ഇരുവരും തമ്മിൽ സംഘട്ടനം പതിവായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണത്രെ ആതിര കൂടുതൽ ക്രൂരമായി കുട്ടിയോട് പെരുമാറിയിരുന്നത്. മാസങ്ങൾക്ക് മുമ്പ് ഭർതൃമാതാവിനെ മർദ്ദിച്ച സംഭവത്തിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ആതിരയെ, മറ്റു തടവുകാരുമായി പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് തിരുവനന്തപുരത്തെ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു.