red-25

അറിയാതെ പാഞ്ചാലിയുടെ തല കുനിഞ്ഞു.

സൂസന്റെ ചുണ്ടിൽ ഗൂഢമായ ഒരു മന്ദസ്മിതം മിന്നി. ചന്ദ്രകല അവളെ നോക്കി ഒന്നു കണ്ണിറുക്കി.

''കലേ..." സൂസൻ, പാഞ്ചാലിക്കു വേണ്ടി യാചിക്കുന്നതായി ഭാവിച്ചു.

''എന്റെ കൂടെയല്ലേ ഇവൾ വരുന്നത്? അതുകൊണ്ട് എന്താ കുഴപ്പം? ഇവളുടെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റിരിക്കുന്നു. അതു പോരേ?"

ചന്ദ്രകല, സൂസനെയും പാഞ്ചാലിയെയും മാറിമാറി നോക്കി.

''പെൺകുട്ടികൾക്ക് എറെ ശ്രദ്ധ വേണ്ട സമയമാ ഇവളുടെ പ്രായം. സൂസന് അത് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ... ഞാൻ ഇവളുടെ സ്വന്തം മമ്മിയല്ലെന്ന് ഇവൾ പറയുമായിരിക്കും. എന്നാലും എനിക്കിവളെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ... എന്റെ അനുവാദം കൂടാതെ ഇവൾ ഒരിടത്തും പൊയ്‌ക്കൂടാ."

ചന്ദ്രകല കൽപ്പിക്കും പോലെ പറഞ്ഞിട്ട് തിരിഞ്ഞു നടക്കാനാഞ്ഞു.

പെട്ടെന്ന് സൂസൻ അവളുടെ കരം കവർന്നു.

''ഇങ്ങനെയൊക്കെ പറയാതെ കലേ... എന്റെ അരുകിൽ ഇവൾ സുരക്ഷിതയായിരിക്കും. മാത്രമല്ല, ആഢ്യൻപാറയെക്കുറിച്ച് ഞാൻ കേട്ടിട്ടുള്ളതല്ലാതെ ഇതേവരെ ഒന്നു കണ്ടിട്ടില്ല. പ്ളീസ്... പാഞ്ചാലിയെ ഒരു കേടും കൂടാതെ ഞാൻ ഇവിടെ കൊണ്ടുവന്നിരിക്കും."

ചന്ദ്രകല അല്പനേരം ആലോചിക്കുന്നതായി ഭാവിച്ചു. പിന്നെ കനപ്പിച്ചു മൂളി.

''സൂസൻ പറഞ്ഞതുകൊണ്ടു മാത്രം ഞാൻ സമ്മതിക്കുന്നു."

''താങ്ക്‌സ്."

സൂസൻ അവളുടെ കൈപ്പത്തിയിൽ ഒന്നമർത്തി.

പാഞ്ചാലിക്കു സന്തോഷമായി. പ്രാണൻ തിരികെ കിട്ടിയതുപോലെ അവൾ സൂസനോടൊപ്പം കോവിലകം വിട്ടു.

ഒന്ന് ഉറക്കെ ചിരിക്കണമെന്നു തോന്നി ചന്ദ്രകലയ്ക്ക്. പാഞ്ചാലി തന്റെ അഭിനയം വിശ്വസിച്ചിരിക്കുന്നു!

സൂസനോടൊപ്പം താൻ അവളെ ചുമ്മാതങ്ങ് വിട്ടാൽ അവൾക്ക് എന്തെങ്കിലും സംശയം തോന്നിയാലോ? തന്റെ കണ്ണുവെട്ടിച്ചാണ് എന്തും ചെയ്യുന്നതെന്ന ഒരു വിശ്വാസം പാഞ്ചാലിക്കുണ്ടാവണം.

എങ്കിലേ പദ്ധതി പൂർണ്ണ വിജയത്തിലെത്തൂ...

ഇത്തവണ സൂസൻ സ്വയം കാർ ഡ്രൈവ് ചെയ്യുകയായിരുന്നു. മുൻ സീറ്റിൽത്തന്നെ അവൾക്കൊപ്പം പാഞ്ചാലിയും ഇരുന്നു.

കയറ്റവും ഹെയർപിൻ വളവുകളും കയറി പോകുമ്പോൾ പാഞ്ചാലി സ്ഥലങ്ങളുടെ പേര് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു...

''ഇത് പെരുമ്പത്തൂർ... മുട്ടിയേൽ..."

അവസാനം അവർ ആഢ്യൻപാറയിലെത്തി.

ഒരു കുന്നിന്റെ മുകൾ ഭാഗം. വലതുവശത്ത് മറ്റൊരു വലിയ കുന്നുണ്ട്.

''അവിടെ കെ.എസ്.ഇ.ബിയുടെ പവ്വർ ഹൗസുണ്ട്."

കാറിലിരുന്നുകൊണ്ട് പാഞ്ചാലി കൈ ചൂണ്ടി.

ആഢ്യൻപാറയിലെ, പാർക്കിംഗിനായി നിരപ്പാക്കിയിട്ടിരുന്ന സ്ഥലത്ത് സൂസൻ കാർ ഒതുക്കി നിർത്തി.

ഏതാനും ടൂറിസ്റ്റ് ബസ്സുകളും കാറുകളും അവിടെയുണ്ടായിരുന്നു.

കാറിൽ നിന്നിറങ്ങിയതേ ജലപാതത്തിന്റെ ഭയങ്കര മുഴക്കം കേട്ടു...

ചുറ്റുമുള്ള മലനിരകളിൽ അതിന്റെ പ്രതിധ്വനി.

അവർ മുന്നോട്ടു നടന്നു.

വിവേക് എവിടെ? ആകാംക്ഷയോടെ പാഞ്ചാലി ചുറ്റും നോക്കി.

പൊടുന്നനെ അവനെ കണ്ടു.

കൂൾബാറിനരുകിൽ സൈക്കിളിൽ ചാരി അവൻ നിൽക്കുന്നു.

''ഹായ്..." സന്തോഷത്തോടെ പാഞ്ചാലി കൈ ഉയർത്തിവീശി.

അവനും പ്രത്യഭിവാദ്യം ചെയ്തു. ശേഷം വേഗത്തിൽ അവർക്കരുകിലെത്തി.

സൂസൻ, വിവേകിനെ ആപാദചൂഢം ഒന്നു നോക്കി.

സുന്ദരനായ യുവാവ്!

പുച്ഛത്തോടെ അവൾ ഓർത്തു. തങ്ങളുടെ നേർച്ചക്കോഴി!

''വിവേക്.. " സൂസൻ ചിരിച്ചു.

''ഈ ബ്രോക്കർ പണിക്ക് എനിക്ക് ഫീസ് തരേണ്ടിവരും കേട്ടോ... എത്ര ബുദ്ധിമുട്ടിയാ ഞാൻ ഇവളെ കൊണ്ടുവന്നത് എന്നറിയാമോ?"

വിവേക് തലയാട്ടി.

''ആന്റി എന്തു വേണമെന്ന് പറഞ്ഞോ. ഞാൻ അത് തന്നിരിക്കും."

താഴെ വെള്ളച്ചാട്ടത്തിനടുത്തേക്കു പോയ കുറേപ്പേർ മടങ്ങിവരുന്നുണ്ടായിരുന്നു.

പ്രായഭേദമെന്യേ എല്ലാ പുരുഷന്മാരുടെ കണ്ണുകളും സൂസനെയും പാഞ്ചാലിയെയും തൊട്ടുഴിഞ്ഞു.

ചിലർ സൂസനെ തിരിച്ചറിയുകയും എന്തെങ്കിലും ഒന്നു ചോദിച്ചാലോ എന്നു ശങ്കിക്കുകയും ചെയ്തു.

സൂസൻ പക്ഷേ അവരെ ശ്രദ്ധിച്ചില്ല. അത് പിന്നെ ബുദ്ധിമുട്ടാകും എന്ന് അവർക്കറിയാം.

താഴെ ടൂറിസ്റ്റ് പ്ളേസിലേക്ക് പോകുന്നതിനായി സൂസൻ മൂന്ന് ടിക്കറ്റുകൾ എടുത്തു.

പാറയിൽ കൂടിത്തന്നെ താഴേക്കുള്ള വളഞ്ഞു പുളഞ്ഞ വടവുകൾ...

അവയ്ക്ക് ഇരുവശത്തും പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ.

മുകളിൽ നിന്ന് താഴേക്കു നോക്കുമ്പോൾത്തന്നെ വളരെ മനോഹരമായ കാഴ്ച....

ഒപ്പം ഭീകരമായ ചില രൂപങ്ങളും....

(തുടരും)