bjp

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനമാകെ നിശ്ചലമായിരുന്നുവെന്ന് ബി.ജെ.പി നേതൃയോഗത്തിൽ വിമർശനം. എസ്.സി വിഭാഗമുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ പാർട്ടി അവഗണിച്ചതായും വിമർശനമുയർന്നു. സംസ്ഥാന തലത്തിൽ പാർട്ടി നേതൃത്വം ഒരു കോ - ഓർഡിനേഷനും നടത്താതിരുന്നത് ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളെ പോലും ബാധിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആർ.എസ്.എസ് നടത്തിയ ഗൃഹ സമ്പർക്കങ്ങളും പ്രവർത്തനങ്ങളുമാണ് സ്ഥാനാർത്ഥികൾക്ക് സഹായകരമായത്.

പ്രധാനമന്ത്രിയുൾപ്പെടെയുള്ള ദേശീയ നേതാക്കളെ പ്രധാന മണ്ഡലങ്ങളിൽ പ്രചാരണത്തിന് കൊണ്ടുവരുന്നതിൽ സംസ്ഥാന നേതൃത്വം മുൻകൈ എടുത്തില്ല. തിരുവനന്തപുരം മണ്ഡലത്ത് പാർട്ടി സംവിധാനം ആകെ നിശ്ചലമായിരുന്നുവെന്ന് തിരുവനന്തപുരത്ത് നിന്ന് എത്തിയ പ്രതിനിധികൾ പറഞ്ഞു. ആർ.എസ്.എസിന്റെ ഗൃഹ സമ്പർക്കമാണ് ഗുണം ചെയ്തതെന്ന് ഒരു ജില്ല നേതാവ് പറഞ്ഞു. ബി.ജെ.പി സംഘടനാ സംവിധാനം കുറച്ചു കൂടി ഫലപ്രദമാകണമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കാര്യങ്ങൾ കൂടുതലായി പഠിക്കണമെന്നും ആലപ്പുഴയിലെ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. ജയിക്കാനാണ് മത്സരിക്കുന്നതെന്ന ബോദ്ധ്യത്തോടെ പ്രവർത്തിക്കാൻ കഴിയണം.

പട്ടികജാതി വിഭാഗത്തിന് മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിനെ ഒരു പ്രമുഖ നേതാവ് രൂക്ഷമായി വിമർശിച്ചു. ഇത്തരത്തിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഞങ്ങൾക്ക് മറ്റ് പാർട്ടികളിൽ പോകേണ്ടി വരും എന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കരയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ച പി.എം.വേലായുധനെ സംസാരിക്കാൻ അനുവദിച്ചില്ല. വടകരയിലെയും കൊല്ലത്തെയും കോഴിക്കോട്ടെയും സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചയുണ്ടായതായി കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ആർ.എസ്.എസ് നല്ല പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് വിലയിരുത്തി.

പത്തനം തിട്ടയിൽ എൻ.ഡി.എ തരംഗമായിരുന്നില്ലെന്നും സ്ഥാനാർത്ഥി തരംഗമായിരുന്നുവെന്നും മണ്ഡലം കൺവീനർ അജിത് പറഞ്ഞു. ജനങ്ങൾ സ്ഥാനാർത്ഥിയെ ഏറ്റെടുക്കുകയായിരുന്നു. പൊന്നാനിയിൽ മുസ്ലീം വോട്ടർമാരാണ് പൊതുസമ്മേളനങ്ങളിൽ ഉൾപ്പെടെ മുൻപന്തിയിലുണ്ടായിരുന്നതെന്ന് സ്ഥാനാർത്ഥി വി.ടി.രമ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ പ്രസംഗങ്ങളും വാർത്താസമ്മേളനങ്ങളും തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചതായി എല്ലാ ജില്ലകളിലെയും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കൂടുതൽ സമയമെടുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ വീണ്ടും സംസ്ഥാന നേതൃയോഗം വിളിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശിവരാജൻ ആവശ്യപ്പെട്ടു. 45 ലക്ഷത്തിലേറെ വോട്ടും 7 സീറ്റുകളിലെ ജയസാദ്ധ്യതയുമുണ്ടെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു.