crime

തിരുവനന്തപുരം: ഡ്രൈഡേയായിരുന്ന ഇന്നലെ വിദേശമദ്യ വിൽപ്പനയ്ക്കിടെ ഒമ്പത് ലിറ്റർ വിദേശ മദ്യവുമായി യുവതിയെ വലിയതുറ പൊലീസ് പിടികൂടി. ബാലനഗർ സജിതാ ഹൗസിൽ മിനിയാണ് (42) പിടിയിലായത്. വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബെഡ് റൂമിൽ കട്ടിലിനടിയിൽ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് പിടികൂടിയത്. മുറിയിൽ നിന്ന് ലഭിച്ച ബാഗ് പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ഒരാഴ്ചയായി മദ്യം വിറ്റ വകയിൽ ലഭിച്ച 1,31,710 രൂപ കണ്ടെത്തിയത്. അതിരാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമായിരുന്നു മദ്യവിൽപ്പന. ബിവറേജസിൽ നിന്ന് മദ്യം വാങ്ങി വിൽപ്പന നടത്തുകയായിരുന്നുവെന്ന് ഇവർ പറയുന്നു. ഇതേപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിനിയെ വനിതാ സെല്ലിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.