ആലപ്പുഴ: പൊലീസ് യൂണിഫോം അണിഞ്ഞ് തട്ടിപ്പ് നടത്തിയ സത്രീ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ കായംകുളം സി.ഐ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നിൽ വീട്ടിൽ ഷൈമോൻ.പി. പോൾ(40), എറണാകുളം മുളവുകാട് പൊന്നാരി മംഗലത്ത് മുളവുകാട് പുളിത്തുറ വീട്ടിൽ മനു ഫ്രാൻസിസ് (27), ആലപ്പുഴ കലവൂർ മാരാരിക്കുളം തെക്ക് കുളവാക്കിൽ വീട്ടിൽ മനു (25), കോട്ടയം അയ്മനം ഒളശയിൽ ചെല്ലിത്തറ വീട്ടിൽ ബിജോയ് മാത്യു (20), പത്തനംതിട്ട പെരുമ്പെട്ടി കണ്ടത്തിങ്കൽ വീട്ടിൽ സോണി തോമസ് (24) എന്നിവരെയാണ് കായംകുളം ചേരാവള്ളിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. താമരക്കുളം സ്വദേശിയുടെ പരാതിയിലാണ് സംഘം പിടിയിലായത്.
ട്രാഫിക് ട്രെയിനിംഗ് ഫോഴ്സ് എന്ന പേരിൽ പൊലീസ് സേനയിലേക്ക് ട്രാഫിക് ഗാർഡൻമാർക്ക് പരിശീലനം നൽകുന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. അയ്യായിരം മുതൽ പതിനായിരം രൂപ വരെയാണ് ഒരാളിൽ നിന്ന് ഈടാക്കിയിരുന്നത്. ഗാർഡ്, ഓഫീസ് സ്റ്റാഫ്, ഡ്രൈവർ എന്നീ നിയമനങ്ങൾ ഉറപ്പ് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2018ൽ കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടുമാസം മുൻപ് കായംകുളം ചേരാവള്ളിയിലെ ഇരുനില കെട്ടിടം വാടയ്ക്കെടുത്തശേഷം റിക്രൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. താമരക്കുളം സ്വദേശിയിൽ നിന്ന് ഓഫീസ് സ്റ്റാഫ് നിയമനത്തിന് 5000 രൂപ വാങ്ങി. ജോലി ലഭിക്കാത്തതിനെ തുടർന്ന് കായകുളം സി.ഐക്ക് പരാതി നൽകി. തുടർന്നാണ് സംഘം അറസ്റ്റിലായത്. ഡിവൈ.എസ്.പി, സി.ഐ എന്നീ റാങ്കിലുള്ളവരുടെ യൂണിഫോം ധരിച്ചായിരുന്നു തട്ടിപ്പ് നടത്തിവന്നത്.