red-26

''ഹോ..."

അറിയാതെ ഒരു ശബ്ദം സൂസന്റെ കണ്ഠത്തിൽ നിന്നുയർന്നു.

വലതു ഭാഗത്ത് കുന്നും വനവും ഇഴപിരിഞ്ഞിരിക്കുന്നതിന് അടിയിലൂടെ ഇരമ്പിപ്പാഞ്ഞു വരുന്ന ജലപാതം.

മുകളിൽ നിന്നു നോക്കിയാൽ വെളുത്ത പതയുടെയോ പാലിന്റെയോ രൂപമായേ തോന്നൂ...

അത് പിന്നീട് ഒരു നദിയായി പരിണമിക്കുന്നു....

പാറകൾക്കു മുകളിലൂടെ കുത്തിമറിഞ്ഞും പാറയിടുക്കുകളിലൂടെ ഞെരിഞ്ഞമർന്നും നോക്കെത്താത്ത ദൂരത്തോളം അങ്ങ്. താഴേക്കു പോകുകയാണ്.

പാറക്കെട്ടുകളുടെ ഏറ്റവും മനോഹരവും ഭീകരവുമായ മുഖങ്ങളാണവിടെ...

താഴേക്കു താഴേക്ക് തട്ടുതട്ടായും പവിഴപ്പുറ്റ് ആകൃതിയുള്ള, ഭയങ്കര ഗർത്തങ്ങളുള്ള പാറക്കൂട്ടങ്ങൾ...

എല്ലാം നോക്കിക്കൊണ്ട് സൂസനും പാഞ്ചാലിയും വിവേകും താഴേക്കിറങ്ങി...

കുറെ ചെറുപ്പക്കാർ പാറയിലെ ചെറിയ കുഴികളിൽ ചാടിത്തിമിർക്കുന്നു.

ജലപാതത്തിന് അപ്പുറം ഘോര വനം.

അപകട സാദ്ധ്യത ഏറിയ ഭാഗങ്ങളിൽ വലിയ പ്ളാസ്റ്റിക് വടങ്ങൾ വലിച്ചുകെട്ടിയിട്ടുണ്ട്.

പാറകൾക്ക് പാത്രങ്ങളുടെ മിനുസ്സം.

അവർ താഴെയെത്തി. സൂസൻ വെള്ളച്ചാട്ടത്തിന് അരുകിലേക്കു നീങ്ങിയപ്പോൾ വിവേക് ഓർമ്മപ്പെടുത്തി:

''സൂക്ഷിക്കണേ ആന്റീ.... എങ്ങാനും കാൽ വഴുതിപ്പോയാൽ കിലോമീറ്ററുകൾക്കു താഴെയേ എത്തൂ. ഇതിനുള്ളിൽ ചാടി രക്ഷപ്പെടുത്താനൊന്നും കഴിയില്ല. എത്രപേർ ഇവിടെ മരിച്ചിട്ടുണ്ട് എന്നറിയാമോ? ചിലരുടെ ബോഡി പോലും കിട്ടിയിട്ടില്ല... ഒരുപാട് വിള്ളലുകളുള്ള ഈ പാറക്കൂട്ടങ്ങൾക്ക് ഇടയിൽ എവിടെയെങ്കിലും അവരുടെ അവശിഷ്ടങ്ങൾ കണ്ടേക്കും...."

''ഓഹോ.." സൂസൻ പെട്ടെന്നു നിന്നു.

നദിയായി പരിണമിക്കുന്ന ജലപാതത്തിന്റെ ഇരുവശത്തുകൂടിയും അതിസാഹസികമായി പാറകളിൽ ചാടിച്ചാടി ചില യുവാക്കൾ താഴേക്കു പോകുന്നുണ്ട്.

ഇടയ്ക്കിടെ മാത്രമേ അവരെ കാണാൻ കഴിയുന്നുള്ളൂ.

''നമുക്കിവിടെയിരിക്കാം."

അല്പം പിന്നിലേക്കു മാറി സൂസൻ ഇരുന്നു. അരുകിൽ പാഞ്ചാലിയും വിവേകും.

സൂസൻ, താൻ വാങ്ങിക്കൊണ്ടുവന്ന പുതിയ സെൽഫോൺ എടുത്ത് വിവേകിനു നൽകി.

''ഇത് ആന്റിയുടെ സമ്മാനം. നിങ്ങൾക്കിരുവർക്കും സ്വതന്ത്രമായി സംസാരിക്കാൻ."

വിവേക് അത്ഭുതത്തോടെ ഫോണിലേക്കും സൂസന്റെ മുഖത്തേക്കും മാറിമാറി നോക്കി.

''താങ്ക്‌സ് ആന്റീ..."

അവൻ ഫോൺ ഭദ്രമായി പാന്റിന്റെ പോക്കറ്റിൽ വച്ചു.

''ഞാൻ നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല. അങ്ങോട്ട് മാറിയിരുന്ന് സംസാരിച്ചോളൂ.

സൂസൻ പറഞ്ഞു.

പാഞ്ചാലിയും വിവേകും എഴുന്നേറ്റു.

''ഒരു മിനിട്ട്."

സൂസൻ തന്റെ ഫോൺ എടുത്തു.

''രണ്ടുപേരും ഒന്നു ചേർന്നു നിന്നേ... ഒരു ഫോട്ടോ എടുക്കട്ടെ."

ഇരുവരും ചേർന്നു നിന്നു.

സൂസൻ പെട്ടെന്ന് രണ്ടുമൂന്ന് ഫോട്ടോകൾ എടുത്തു.

''ഒന്നു കാണട്ടെ..."

പാഞ്ചാലി, അവളിൽ നിന്നു ഫോൺ വാങ്ങി. ഫോട്ടോകൾ വിവേകിനും കാണിച്ചുകൊടുത്തു.

''രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയാ. കേട്ടോ..."

സൂസൻ അവരെ പുകഴ്ത്തി.

ഫോൺ മടക്കിനൽകി പാഞ്ചാലിയും വിവേകും അല്പം അകലേക്കു നീങ്ങിനിന്നു.

വളരെ ഉത്സാഹത്തോടെ ഇരുവരും സംസാരിക്കുന്നത് നോക്കിക്കൊണ്ട് സൂസൻ, താൻ എടുത്ത ഫോട്ടോകൾ ചന്ദ്രകലയുടെ വാട്സ് ആപ്പ് നമ്പരിലേക്ക് അയച്ചുകൊടുത്തു.

അവിടേക്കു പിന്നെയും ആളുകൾ വന്നുകൊണ്ടിരുന്നു.

അതിനിടെ സൂസൻ, പാറക്കൂട്ടങ്ങളിലെ ഓരോ ഭാഗവും നോക്കിവച്ചു.

തങ്ങളുടെ പ്ളാൻ നടപ്പാക്കാൻ ഏറ്റവും അനുയോജ്യമായ ഭാഗം ഏതാണ്?

നാലഞ്ചു സ്ഥലങ്ങൾ അതിനായി അവൾ തെരഞ്ഞെടുത്തു.

സമയം കടന്നുപോയി.

6 മണി.

വാച്ചർ ഇറങ്ങിവന്നു. അയാൾ ടൂറിസ്റ്റുകളോട് മടങ്ങിപ്പോകുവാൻ നിർദ്ദേശിക്കുന്നത് സൂസൻ കേട്ടു.

അവൾ എഴുന്നേറ്റു.

''പാഞ്ചാലീ... വിവേകേ... വാ."

കുട്ടികൾ അവൾക്കരുകിലെത്തി.

''ഇന്ന് ഇത്രയും പറഞ്ഞാൽ മതി. ഇനി മറ്റൊരു ദിവസം നമുക്ക് വരാമെന്നേ..."

''റിയലി?"

പാഞ്ചാലിയുടെ കണ്ണുകൾ വിടർന്നു.

''ഉം." സൂസൻ തലയാട്ടി.

ഇരുൾ വീഴാറാകുകയാണ്. മുകളിൽ തിരിച്ചെത്താൻ പത്തുമിനിട്ടോളം എടുത്തു.

സൂസൻ ഇരുവർക്കും ഐസ്‌ക്രീം വാങ്ങിക്കൊടുത്തു.

അതും കഴിച്ചു കഴിഞ്ഞപ്പോഴേക്കും വെള്ളച്ചാട്ടം മടങ്ങിത്തുടങ്ങിയിരുന്നു.

''എങ്കിൽ വിവേകേ... വീണ്ടും കാണാം."

''ശരിയാന്റീ."

അവൻ സൈക്കിളിൽ കയറുമ്പോൾ സൂസൻ മന്ത്രിച്ചു.

''അത് നമ്മുടെ അവസാന കൂടിക്കാഴ്ച ആയിരിക്കും."

(തുടരും)