കിളിമാനൂർ: അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗതയും കാരണം പൊരുന്തമണിൽ കാൽനടയാത്രക്കാരുടെയും ബസ് കാത്തു നിൽക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുന്നു. കഴിഞ്ഞ ദിവസം ബന്ധു വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് പോകാൻ പൊരുന്തമൺ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കവെ ഓവർ ടേക്ക് ചെയ്ത് വന്ന ഒരു കാറിടിച്ച് കട്ടത്തുമല പറട്ടക്കുഴി സ്വദേശി വിപിൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. നിരപരാധിയായ ഈ യുവാവിന്റെ ജീവൻ എടുത്തത് കാറിന്റെ അമിത വേഗതയും അശ്രദ്ധമായ ഓവർടേക്കിംഗുമായിരുന്നുവെന്ന് കാഴ്ചക്കാർ പറയുന്നു.
തിരുവനന്തപുരം - കൊട്ടാരക്കര സംസ്ഥാന പാതയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുകയും നിരവധി ജീവനുകൾ പൊലിയുകയും ചെയ്ത പ്രദേശമാണിത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, കശുവണ്ടി ഫാകടറിയും, ഹോമിയോ ആശുപത്രിയും, ആയുർവേദ ആശുപത്രിയും ഒക്കെ സ്ഥിതി ചെയ്യുന്ന പൊരുന്തമണിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പൊലിഞ്ഞത് പത്തിന് മേലെ ജീവനുകളാണ്. ഏതെങ്കിലും ഒരപകടം നടക്കുമ്പോൾ മാത്രം താൽക്കാലിക ട്രാഫിക് പരിഷ്കാരങ്ങൾ നടത്തുകയും പിന്നീട് പൂർവാവസ്ഥയിൽ ആകാറുമാണ് പതിവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിൽ പ്പെടുന്നവരിൽ ഏറെയും റോഡരികിൽ നിൽക്കുന്നവരാണ്. കഴിഞ്ഞ ദിവസം മരിച്ച വിപിനും റോഡിൽ നിന്ന് ദൂരെ മാറി നിൽക്കുമ്പോഴാണ് അമിത വേഗതയിൽ വന്ന വാഗണർ കാർ ഇടിച്ചിട്ടത്. കഴിഞ്ഞ ആഴ്ച റോഡരികിൽ നിന്ന് കാർ കഴുകി കൊണ്ടിരിക്കെ അമിത വേഗതയിൽ റോഡിന്റെ മറുവശത്ത് നിന്ന് വന്ന കാർ ഇടിച്ച് രാധാകൃഷ്ണൻ, മാസങ്ങൾക്ക് മുൻപ് റോഡരികിൽ കൂടി നടന്നു പോകവെ പുളിമാത്ത് മുസ്ലിം പള്ളിക്ക് സമീപം വച്ച് കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച മധ്യവയസ്കൻ, പൊരുന്തമൺ ജംഗ്ഷനിൽ തന്നെ വൈകിട്ട് കട അടച്ച് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് മരിച്ച കേരളകൗമുദി പൊരുന്തമൺ ഏജന്റ് കിരണിന്റെ പിതാവ് സുധർമ്മൻ എന്നിങ്ങനെ നീണ്ടു പോകുന്നു അപകടത്തിന്റെ കണക്ക്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ഇവിടെ ഡിവൈഡറുകളോ, ഹംബുകളോ, അപകട ബോർഡുകളോ സ്ഥാപിക്കാത്ത പഞ്ചായത്തിന്റെയും പി.ഡബ്ലു.ഡി അധികൃതരുടെയും നടപടിയിൽ രോഷാകുലരാണ് നാട്ടുകാർ.