ദുരൂഹമായി തുടരുകയാണ് ആ കല്ലറയും അതിലെ കളിപ്പാട്ടങ്ങളും. കളിപ്പാട്ടങ്ങളെന്നുവച്ചാൽ.. ആരും കൊണ്ടുവയ്ക്കുന്നതല്ല, സ്വയം പ്രത്യക്ഷപ്പെടുന്നവ! അഡ്ലെയ്ഡിലെ ഹോപ് വാലി എന്ന സെമിത്തേരിയിലാണ് പ്രേത കഥയിലെ പോലുള്ള സംഭവങ്ങൾ നടക്കുന്നത്. 1885 ജൂൺ 2നാണ് ഹെർബർട്ട് ഹെന്ററി ഡിക്കർ എന്ന കുഞ്ഞിനെ ഇവിടത്തെ കല്ലറയിൽ അടക്കം ചെയ്തത്. കഴിഞ്ഞ എട്ടുവർഷമായാണ് ഈ അത്ഭുതം സംഭവിക്കുന്നത്.
ഇടയ്ക്കിടെ കളിപ്പാട്ടങ്ങൾ ഇവിടെ പ്രത്യക്ഷപ്പെടും. രഹസ്യമായി ആരെങ്കിലും കൊണ്ടുവയ്ക്കുന്നതാണോ? സംഗതി കാട്ടുതീപോലെ പടർന്നു. പൊലീസും നാട്ടുകാരുമൊക്കെ ഉറമിളച്ച് കാത്തിരുന്നു.പക്ഷേ, ആരെയും കണ്ടെത്താനായില്ലെന്ന് മാത്രമല്ല, കളിപ്പാട്ടങ്ങൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അസുഖത്തെ തുടർന്നാണ് ജെയ്സ് ഡിക്കർ, മേരി ആൻ ബോഹ്‌വെ ദമ്പതികളുടെ മകനായ ഹെർബർട്ട് ഹെന്ററി ഡിക്കർ മരിച്ചത്. കുഞ്ഞ് മരിച്ച് 5 വർഷത്തിനുശേഷം മറ്റ് മക്കളൊടൊപ്പം ദമ്പതികൾ മറ്റൊരു രാജ്യത്തേക്ക് പോയി. പിന്നീടവർ തിരിച്ചു വന്നിട്ടില്ല. ഈ വിവരങ്ങൾ ചരിത്രകാരന്മാർ ശേഖരിച്ചത് 1885ലെ പത്രങ്ങളിൽ നിന്നാണ്.. അപ്പോഴും കളിപ്പാട്ടങ്ങളിലെ നിഗൂഢത നീക്കാൻ ആർക്കുമായിട്ടില്ല.