unauthorized-parking

തിരുവനന്തപുരം: റോഡുകളിൽ അനധികൃത പാർക്കിംഗ് കണ്ടാൽ വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ച് മടങ്ങുന്ന രീതിയ്ക്ക് സമീപഭാവിയിൽ പൊലീസ് ഗുഡ്ബൈ പറയും. പകരം വരുന്നത് വീൽ ലോക്ക് സംവിധാനം! ഈ ലോക്ക് ചെയ്യുന്ന വാഹനങ്ങൾ റോഡിൽ നിന്ന് ഒരിഞ്ച് നീക്കാനാവില്ല. വാഹന ഉടമ സ്റ്റേഷനിലെത്തി പിഴ ഒടുക്കിയാൽ മാത്രമേ, പൊലീസ്, ലോക്ക് തുറന്നുകൊടുക്കൂ. തിരുവനന്തപുരം നഗരത്തിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കുക.

വീൽ ലോക്കിന്റെ മാതൃക കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. തിരുവനന്തപുരത്ത് സിറ്റി പൊലീസിനായി നൂറ് വീൽ ലോക്കുകളാണ് വാങ്ങുന്നത്. 2,500 രൂപയാണ് ഒന്നിന്റെ വില. വഴിമുടക്കി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പൊലീസ് റിക്കവറി വാൻ ഉപയോഗിച്ച് നീക്കുമ്പോൾ കേടുപാട് വരുന്നുവെന്ന പരാതിയും പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാവും.

അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ടയറിലാണ് ലോക്ക് ഘടിപ്പിക്കുക. ഇരുചക്രവാഹനങ്ങളിലും കാറുകളിലും മാത്രമേ ഇത് ഉപയോഗിക്കാനാവൂ. ഹെവി വാഹനങ്ങളിൽ പറ്റില്ല. ടയറിന്റെ വലിപ്പമനുസരിച്ച് വ്യത്യാസപ്പെടുത്താവുന്ന മൗത്ത് പീസും ലോക്കും ഹാന്റിലും ചേർന്നതാണ് ലോക്ക്. ഇരുവശങ്ങളിലേക്ക് തുറന്നിരിക്കുന്ന ലോക്കിന്റെ വായ് ഭാഗത്തേക്ക് ടയർ കടത്തിവച്ച് താക്കോലുപയോഗിച്ചാണ് ലോക്ക് ചെയ്യുന്നത്. ലോക്കിന്റെ പിടി ഭാഗം റോഡിൽ കുത്തിനിൽക്കും. അതിനാൽ വാഹനം മുന്നോട്ട് എടുക്കാനാവില്ല. വാഹന ഉടമ ട്രാഫിക് പൊലീസ് സ്റ്റേഷനിലെത്തി നിയമ ലംഘനത്തിന് പിഴ ഒടുക്കിയാൽ മാത്രമേ ലോക്ക് തുറന്ന് വാഹനം വിട്ടുകൊടുക്കൂ.

പൊലീസ് അറിയാതെ വാഹനത്തിൽ നിന്ന് ഇത് ഇളക്കികളയാൻ ശ്രമിച്ചാൽ അതിനും കേസുണ്ടാവും. പൊതുമുതൽ നശീകരണത്തിനുള്ള വകുപ്പ് ചേർത്താവും കേസെടുക്കുക. തിരുവനന്തപുരത്ത് വിജയമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. തിരുവനന്തപുരത്ത് ഗതാഗതക്കുരുക്കിന് ഇടയാക്കുംവിധം അനധികൃത വാഹന പാർക്കിംഗ് കൂടിവരുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. നഗരത്തിൽ ചിലയിടങ്ങളിൽ നോ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്താൽ ചങ്ങലയിട്ട് പൂട്ടി കൊണ്ടുപോകുന്ന രീതി പൊലീസ് പരീക്ഷിക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇതും ഒഴിവാകും.

''തലസ്ഥാന നഗരത്തിൽ ഫുട്പാത്തിലും സ്ഥാപനങ്ങളുടെയും വീടുകളുടെയുമൊക്കെ വഴികൾ തടസപ്പെടുത്തിയാണ് ചിലർ വാഹനങ്ങൾ പാ‌ർക്ക് ചെയ്യുന്നത്. റിക്കവറി വെഹിക്കിൾ ഉപയോഗിച്ച് ഇവ നീക്കം ചെയ്യുമ്പോൾ വാഹനങ്ങൾക്ക് തകരാറുണ്ടാകുന്നുവെന്ന പരാതി വ്യാപകമാണ്. നിയമലംഘനം കണ്ടെത്തി പൊലീസ് നോട്ടീസ് പതിക്കാറുണ്ടെങ്കിലും പലരും ഇത് കാര്യമാക്കാതെ കടക്കുകയാണ് ചെയ്യുന്നത്. വണ്ടി നമ്പരിന്റെ സഹായത്തോടെ ഇത്തരം വാഹനങ്ങൾ കണ്ടെത്തി പിഴചുമത്തുന്ന സാഹസം ഒഴിവാക്കാനാണ് വീൽ ലോക്ക് പരിഷ്കാരത്തെപ്പറ്റി ആലോചിക്കുന്നത്.

സഞ്ജയ് കുമാർ ഗരുഡിൻ, സിറ്റി പൊലീസ് കമ്മിഷണർ, തിരുവനന്തപുരം

പാർക്കിംഗ് ലംഘനത്തിന് പിഴ

അനധികൃത പാർക്കിംഗ് - 100രൂപ

റിക്കവറി വാഹനം ഉപയോഗിക്കേണ്ടിവന്നാൽ- 600 രൂപ (ചെലവുൾപ്പെടെ)