nirmala

കാട്ടാക്കട: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്‌തു. കാട്ടാക്കട കല്ലാമം ഏഴാമൂഴിയിൽ തടത്തരികത്ത് വീട്ടിൽ ശിവാനന്ദൻ (55), നിർമ്മല (47) എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആസിഡ് കുടിച്ച ശിവാനന്ദൻ ആശുപത്രിയിലാണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ എട്ടിനായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വീടിന് പുറത്ത് പാത്രം കഴുകുകയായിരുന്ന നിർമ്മലയുടെ കഴുത്തിൽ ശിവാനന്ദൻ വെട്ടുകത്തിക്ക് വെട്ടുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. തുടർന്ന് കൈയിൽ കരുതിയിരുന്ന ആസിഡ് ശിവാനന്ദൻ കുടിച്ചു. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും നിർമ്മല മരിച്ചിരുന്നു. തുടർന്ന് ശിവാനന്ദനെ നാട്ടുകാരും കാട്ടാക്കട പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 11ന് മരിച്ചു. ഏഴ് വർഷമായി നിർമ്മലയുമായി പിണങ്ങി കഴിഞ്ഞിരുന്ന ശിവാനന്ദൻ മറ്റൊരു വിവാഹം കഴിച്ചിരുന്നു. അടുത്തിടെ ഇവരെയും ഉപേക്ഷിച്ച ശിവാനന്ദൻ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് നിർമ്മല കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നതായി കാട്ടാക്കട പൊലീസ് പറഞ്ഞു. എന്നാൽ ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തനുവദിച്ച വീടുമായി ബന്ധപ്പെട്ട് ശിവാനന്ദനും നിർമ്മലയും തമ്മിൽ തർക്കവുമുണ്ടായിരുന്നു. വീടിന്റെ മേൽക്കൂരയ്‌ക്കായി വാങ്ങിയ ഷീറ്റുകൾ ഇയാൾ എടുത്തുമാറ്റിയെന്നും നിർമ്മലയെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം നിർമ്മലയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങിയെങ്കിലും ശിവാനന്ദന്റേത് ഏറ്റുവാങ്ങിയില്ല. തുടർന്ന് ശിവാനന്ദന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മക്കൾ: ഷിനു, ബിജു.