maria-sharapova

മോസ്കോ: ടെന്നീസിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി. പക്ഷേ, കുടുംബ ജീവിതത്തിൽ അത്രയൊന്നും നേട്ടങ്ങൾ സ്വന്തമാക്കാനായിട്ടില്ല. അത്തരം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടേ ഇനി വിശ്രമമുള്ളൂ-റഷ്യൻ ടെന്നീസ് താരം മരിയാ ഷറപ്പോവയാണ് കുടുംബജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. അമ്മയായും ഭാര്യയായുമൊക്കെ നന്നായി ശോഭിക്കാനാവുമെന്നാണ് ഇൗ മുപ്പത്തിരണ്ടുകാരിയുടെ വിശ്വാസം. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

കളി മതിയാക്കാൻ സമയമായത് കൊണ്ടല്ല ഇൗ തോന്നലെന്ന് മരിയ എടുത്തുപറയുന്നുണ്ട്. ഏറെനാൾ ഇതുപോലെ പോകാനുള്ള ഉൗർജം ശരീരത്തിനും മനസിനും ഉണ്ട്. പക്ഷേ, എന്തൊക്കെയോ നേട്ടങ്ങൾ സ്വന്തമാക്കിയില്ലെന്ന് ഇപ്പോൾ തോന്നുന്നു. കുടുംബ ജീവിതം തന്നെ ഇതിൽ മുഖ്യം. വീട്ടുകാരും ഇക്കാര്യങ്ങൾ സൂചിപ്പിച്ചു. ആരിലും അസൂയ ഉണ്ടാക്കുന്ന ഭാര്യയും അമ്മയുമാകാൻ എനിക്കു കഴിയും. തീർച്ച- മരിയ പറയുന്നു.

വാർത്ത പുറത്തുവന്നതോടെ മരിയയുടെ കല്യാണത്തെക്കുറിച്ചും വരനെക്കുറിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. 2011ൽ ഒരു ബാസ്കറ്റ്ബാൾ താരവുമായി മരിയ അടുപ്പത്തിലാണെന്ന് വാർത്ത പുറത്തുവന്നിരുന്നു. മരിയയും ഇക്കാര്യം നിഷേധിച്ചില്ല. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഇൗ ബന്ധത്തിൽ വിള്ളൽവീണു. ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗോർ ഡിമിട്രേവുമായി അടുപത്തിലായി. പക്ഷേ, അതും കൂടുതൽ നാൾ നീണ്ടില്ല. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ വിലക്ക് ലഭിച്ച മരിയ അടുത്തിടെയാണ് ടെന്നീസിൽ തിരിച്ചെത്തിയത്. പക്ഷേ, കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല. ഇപ്പോൾ മോഡലിംഗിലാണ് കൂടുതൽ ശ്രദ്ധ.