തിരുവനന്തപുരം: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന രണ്ട് കാറുകൾക്ക് തീപിടിച്ചു. ആളപായമില്ല. തൈക്കാട്ടും പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപത്തുമാണ് തീപിടിത്തമുണ്ടായത്. തൈക്കാട് അമ്മത്തൊട്ടിലിന് സമീപം ഇന്നലെ രാവിലെ 10.15 ഓടെയാണ് ആദ്യ സംഭവം. രാജാജി നഗർ സ്വദേശി മധുവിന്റെ ഫിയറ്റ് പാലിയോ കാറിനാണ് തീപിടിച്ചത്. മധുവിന്റെ മകനും സുഹൃത്തും ചേർന്ന് വർക്ക് ഷോപ്പിൽ നിന്ന് വീട്ടിലേക്ക് കാറോടിച്ച് വരുമ്പോഴായിരുന്നു സംഭവം. കാറിന്റെ അടിവശത്ത് തീ പടരുന്നത് എതിർദിശയിൽ നിന്ന് വന്ന യാത്രക്കാരിൽ ചിലർ കണ്ടു. ഇവർ ബഹളം വച്ചതോടെ കാർ നിറുത്തി യുവാക്കൾ പുറത്തിറങ്ങി. കാറിന്റെ ബോണറ്റ് തുറന്നപ്പോൾ തീയും പുകയും ആളിപ്പിടിച്ചു. വിവരമറിഞ്ഞ് ചെങ്കൽചൂളയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് വാട്ടർ മിക്‌സ് ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറിന്റെ മുൻവശം പൂർണമായും കത്തി.
ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു എസ്.എ.പി ക്യാമ്പിന് സമീപത്തുവച്ച് കാറിന് തീപിടിച്ചത്. ഫോർഡ് കമ്പനിയുടെ ടെസ്റ്റ് ഡ്രൈവ് നടത്തുകയായിരുന്ന കാറിനാണ് തീപിടിച്ചത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ബ്രേക്ക് ജാമായതിനെ തുടർന്നാണ് തീ പടർന്നത്. ഉടനേ വാഹനം നിറുത്തി എല്ലാവരും പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. സ്റ്റേഷൻ ഓഫീസർ അശോക് കുമാർ, ലീഡിംഗ് ഫയർമാൻ ടി.ജി. ബിജു എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റെത്തി തീ കെടുത്തി. കാർ പൂർണമായും കത്തിനശിച്ചു.
ഫോട്ടോ: പേരൂർക്കടയിൽ കാറിന് തീപിടിച്ചപ്പോൾ