ആറ്റിങ്ങൽ: ചിട്ടയായ പഠനത്തിനൊപ്പം കായികപഠനവും യോഗയും ജിംനാസ്റ്റിക്സും പരിശീലിക്കുകയാണ് ആറ്റിങ്ങൽ സ്കൂളിലെ കുട്ടികൾ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ വോളീബോൾ താരം വക്കം സ്വദേശി എസ്. രാമഭദ്റനാണ് പുതിയ പദ്ധതിയുടെ സൂത്രധാരൻ. ആറ്റിങ്ങൽ ഡയറ്റ് സ്‌കൂളിലും അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലുമാണ് പദ്ധതി ആരംഭിച്ചത്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെട്ടതോടെ പദ്ധതി ബി.ആർ.സി തലത്തിൽ ഏറ്റെടുത്ത് മറ്റ് സ്കൂളുകളിലും നടപ്പാക്കാനും തീരുമാനിച്ചു. അംഗൻവാടി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.
നാലുവിധത്തിലുളള ജിംനാസ്റ്റിക്സ്, പത്ത് അത്ലറ്റിക് ഇനങ്ങൾ, ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ എന്നിവയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇതിനൊപ്പം യോഗയും മെഡിറ്റേഷനുമുണ്ട്. അംഗൻവാടികളിൽ വർക്കർമാരും സ്‌കൂളുകളിൽ അദ്ധ്യാപകരുമാണ് പരിശീലനം നല്കുന്നത്. വിജയികൾക്ക് തദ്ദേശസ്വയം ഭരണസ്ഥാപനത്തിന്റെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റുകൾ നല്കും.
അംഗൻവാടിയിൽ പരിശീലനം തുടങ്ങുന്ന കുട്ടികൾ നാലാംക്ലാസിലെത്തുമ്പോൾ ഒമ്പത് കായികഇനങ്ങളിലേക്ക് അഞ്ച് ടീം എന്ന നിലക്ക് സജ്ജമാകും. ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമാണ് പരിശീലനം നല്കുകയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കായികക്ലബ് രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഹൈസ്‌കൂൾ തലത്തിലെത്തുമ്പോഴേയ്ക്കും കുട്ടികൾ അന്താരാഷ്ട്രമത്സരങ്ങൾക്ക് പാകപ്പെടും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് ഈ പദ്ധതിയിൽ സുപ്രധാന പങ്ക് വഹിക്കാനുള്ളത്. കായികരംഗത്തും ബൗദ്ധികരംഗത്തും ഔന്നിത്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന പ്രക്രിയയാണ് ആറ്റിങ്ങലിൽ നടക്കുന്നത്. പദ്ധതിയുടെ പ്രധാന്യം വ്യക്തമായതോടെ നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിലുളള കൗൺസിലും സെക്രട്ടറി ആർ. പ്രദീപ്കുമാറും പദ്ധതിക്കാവശ്യമായ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുപോവുകയായിരുന്നു. സ്‌കൂളുകളിൽ പരിശീലനത്തിനാവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് നഗരസഭ അഞ്ചുലക്ഷം രൂപ ചെലവിട്ടു.
ജീവിതശൈലീരോഗങ്ങളിൽ നിന്നും ലഹരിയിൽ നിന്നും വരും തലമുറയെ രക്ഷിക്കുക,. കുട്ടികളുടെ ബുദ്ധിശക്തിയും കായികശക്തിയും രാജ്യത്തിനുവേണ്ടി വിനിയോഗിക്കാൻ അവരെ പ്രാപ്തരാക്കുക, മാനസികോല്ലാസത്തോടെ ജീവിതം നയിക്കാൻ കഴിവുള്ളവരാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഫോട്ടോ,..... കുട്ടികൾ പരിശീലനം നടത്തുന്നു