കഴക്കൂട്ടം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പതിനൊന്നു വയസുകാരിയെ പട്ടാപ്പകൽ മുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം. ദേശീയപാതയ്ക്കരികിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് അല്പംമാത്രം അകലെയുള്ള സി.എസ്.ഐ മിഷൻ ആശുപത്രിയിലെ പേ വാർഡിൽ പനി ബാധിച്ച് കഴിയുന്ന ബാലികയെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കൂടെ ഉണ്ടായിരുന്ന അമ്മ ലാബിൽ പരിശോധനയ്ക്ക് പോയ സമയത്തായിരുന്നു സംഭവം.
25 വയസ് തോന്നിക്കുന്ന മുടി നീട്ടിവളർത്തിയ ഒരാൾ മുറിയിലേക്ക് കയറി കുട്ടിയെ കടന്നുപിടിച്ച് വസ്ത്രം വലിച്ചു കീറി. കുട്ടി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഇറങ്ങി ഓടുകയായിരുന്നു. അമ്മ മുറിയിൽ തിരികെ എത്തിയപ്പോൾ കുട്ടിയുടെ കരച്ചിൽ കണ്ട് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. കഴക്കൂട്ടം സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രിയിലെ സി.സി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് പൊലീസ്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.
ആശുപത്രിയിൽ ആവശ്യമായ സുരക്ഷാസംവിധാനം ഇല്ലെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. ആശുപത്രിയുടെ കാഷ് കൗണ്ടർ ഒഴിച്ച് ബാക്കി സ്ഥലങ്ങളിൽ സി.സി ടിവി കാമറ സജ്ജീകരിച്ചിട്ടില്ല. പ്രധാന കവാടത്തിൽ വന്നുപോകുന്ന ആളുകളെ വ്യക്തമായി അറിയാൻ കഴിയാത്ത കാമറയാണുള്ളത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഒരു നിഴൽ മാത്രമേ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞുള്ളു. ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ഈ ആശുപത്രിയിൽ രണ്ടോ മൂന്നോ സെക്യൂരിറ്റി മാത്രമേയുള്ളു. രാത്രിയായാൽ അത് ഒന്നിൽ ഒതുങ്ങിയേക്കുമെന്നും പരാതിയുണ്ട്.